സതീഷ് ജാർക്കിഹോളി


എസ്.ഐ.ആറിനെ ന്യായീകരിച്ചിട്ടില്ലെന്ന് സതീഷ് ജാർക്കിഹോളി; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും വിശദീകരണം

ബംഗളൂരു: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആർ) ന്യായീകരിച്ചെന്ന പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും എസ്.ഐ.ആർ നടപടിയെ ശരിവെക്കുന്ന നിലപാടല്ല താൻ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർപട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങളെ ചെറുത്തതിനെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ ഫോം ഏഴ് ഉപയോഗിച്ച് കോൺഗ്രസ് അനുകൂലികളായ വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള ബി.ജെ.പിയുടെ നീക്കം പരാജയപ്പെടുത്തിയെന്നായിരുന്നു തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്ന് ജാർക്കിഹോളി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പോരാട്ടവും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വവും ഇതിന് സഹായകമായെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ചു.

വ്യാഴാഴ്ചയാണ് കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായി പ്രക്രിയ ശരിയായി നടത്തിയെന്ന് അദ്ദേഹം പറഞ്ഞത്. നവംബർ ഒന്നിന് ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കാൻ ഒരുങ്ങുമ്പോഴാണ് മന്ത്രിയുടെ പരാമർശം എന്നത് ശ്രദ്ധേയമായിരുന്നു. എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകളും ഒഴിവാക്കലുകളും സംബന്ധിച്ച് ആശങ്കകൾ പങ്കുവെച്ചിരുന്നു. കൂടാതെ കർണാടകയിലെ പുനഃപരിശോധനാ പ്രക്രിയയുടെ സുതാര്യതയെയും കൃത്യതയെയും ഹരിപ്രസാദ് ചോദ്യം ചെയ്തിരുന്നു.

പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടത്തിയ രീതിയിൽ എസ്.ഐ.ആർ പ്രക്രിയ നടത്തുന്നതിന് എതിരെയാണ് കോൺഗ്രസ് എതിർപ്പുകൾ പ്രകടിപ്പിച്ചതെന്നും കർണാടകയിൽ ന്യായമായ രീതിയിലാണ് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതെന്നും പറഞ്ഞ സതീഷ് ജാർക്കിഹോളി, മരിച്ചവരോ താമസസ്ഥലം മാറ്റിയവരോ ഒന്നിലധികം തവണ രജിസ്റ്റർ ചെയ്തവരോ ആയ ആളുകളുടെ പേരുകളാണ് ഒഴിവാക്കിയതെന്നും അറിയിച്ചിരുന്നു.

Tags:    
News Summary - Karnataka Minister Denies Supporting SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.