കോച്ചിങ് സെന്‍ററുകളിൽ 15 വയസിൽ താഴെയുള്ള കുട്ടികളുടെ പ്രവേശനം തടയാൻ നിർദ്ദേശവുമായി കർണാടക സർക്കാർ
ബംഗളൂരു: ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 'കർണാടക ട്യൂട്ടോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഓർ കോച്ചിങ് സെന്റേഴ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) റൂൾസ് 2026' അനുസരിച്ച്, 15 വയസിൽ താഴെയുള്ള കുട്ടികളെയും സെക്കൻഡറി സ്കൂൾ പരീക്ഷ പൂർത്തിയാക്കാത്തവരെയും ചേർക്കുന്നതിൽ നിന്ന് ട്യൂട്ടോറിയലുകളെയും കോച്ചിങ് സെന്‍ററുകളെയും വിലക്കുന്ന കരട് ചട്ടങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ. ട്യൂട്ടോറിയലുകളും കോച്ചിങ് സെന്ററുകളും സർക്കാറിൽ രജിസ്റ്റർ ചെയ്യണമെന്നും ചട്ടങ്ങൾ നിർബന്ധമാക്കുന്നു.
പരീക്ഷകൾ, പുനരവലോകനം, സംശയ നിവാരണ സെഷനുകൾ എന്നിവയുൾപ്പെടെ ട്യൂട്ടോറിയലുകളിലോ കോച്ചിങ് സെന്ററുകളിലോ ഉള്ള മൊത്തം കോച്ചിങ് സമയം പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടരുതെന്നും രക്ഷിതാക്കൾക്കോ വിദ്യാർഥികൾക്കോ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളോ ഉയർന്ന റാങ്കോ മികച്ച മാർക്കോ ലഭിക്കുമെന്ന ഉറപ്പോ നൽകാൻ പാടില്ലെന്ന് കരട് നിയമങ്ങളിൽ വ്യക്തമാക്കുന്നു.
കോച്ചിങ് സെന്ററുകൾ വിദ്യാർഥികൾക്ക് മാനസികാരോഗ്യ പിന്തുണ നൽകണമെന്നും ഒരു കൗൺസിലർ ഉണ്ടായിരിക്കണമെന്നും കരട് വ്യവസ്ഥ ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മാനസികാരോഗ്യ ശില്പശാലകൾ സംഘടിപ്പിക്കണം. ആത്മഹത്യ പ്രതിരോധ ഹെൽപ്പ് ലൈൻ ഉൾപ്പെടെയുള്ള എമർജൻസി കോൺടാക്റ്റ് നമ്പറുകൾ പ്രദർശിപ്പിക്കണമെന്നും ഇതിൽ പറയുന്നു.
സർക്കാർ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം അധ്യാപകർ കോച്ചിങ് സെന്ററുകളിൽ പഠിപ്പിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ബിരുദത്തിൽ കുറയാത്ത യോഗ്യതയും അനുബന്ധ മേഖലകളിൽ പരിചയസമ്പത്തുമുള്ള വ്യക്തികളെ മാത്രമേ ട്യൂട്ടോറിയലുകൾ ജോലിക്ക് നിയോഗിക്കാവൂ എന്നും നിയമങ്ങൾ ഊന്നിപ്പറയുന്നു. ഈ നിയമങ്ങളുമായി ബന്ധപ്പെട്ട എതിർപ്പുകളോ നിർദ്ദേശങ്ങളോ 15 ദിവസത്തിനകം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ നിയമങ്ങൾ നിലവിൽ വരികയാണെങ്കിൽ 2001ലെ പഴയ നിയമങ്ങൾ റദ്ദാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.