ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് പ്രഖ്യാപന
വാർത്തസമ്മേളനത്തിൽ എൻ.എ. ഹാരിസ് എം.എൽ.എ
സംസാരിക്കുന്നു
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ ബംഗളൂരു ജില്ല ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് ജൂലൈ ഒന്നിന് അശോക നഗറിലെ ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ ആരംഭിക്കും. ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 17 ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.
പ്രാദേശിക താരങ്ങൾക്ക് കുടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായാണ് ഇത്തരമൊരു ടൂർണമെന്റ് നടത്തുന്നതെന്നും വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്റ് സജീവമാക്കുമെന്നും കെ.എസ്.എഫ്.എ പ്രസിഡന്റും എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റുമായ എൻ.എ. ഹാരിസ് എം.എൽ.എ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
അതത് മണ്ഡലങ്ങളിൽ വോട്ടർ ഐ.ഡിയും ആധാർ കാർഡുമുള്ള താരങ്ങൾക്കാണ് തങ്ങളുടെ മണ്ഡലത്തിലെ ടീമിനെ പ്രതിനിധീകരിക്കാൻ യോഗ്യത. കളിക്കാരെ പുറമെ നിന്ന് ഇറക്കുന്നത് ഒഴിവാക്കാനാണ് ഈ നിബന്ധന. 17 ടീമുകൾ നാലു ഗ്രൂപ്പായി തിരിച്ച് ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂർണമെന്റ് അരങ്ങേറുക.
തിങ്കളാഴ്ച ഉച്ചക്ക് 1.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ സർവജ്ഞ നഗറും ഗോവിന്ദരാജ നഗറും തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗാന്ധിനഗറും വിജയനഗറും തമ്മിൽ ഏറ്റുമുട്ടും. പോയന്റ് അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിൽനിന്നും മികച്ച രണ്ടു ടീമുകൾ വീതം ക്വാർട്ടറിൽ പ്രവേശിക്കും. സെമിഫൈനൽ ജൂലൈ 19നും ഫൈനൽ 21നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.