ബംഗളൂരു: വീട്ടിലെ ബാത്ത്റൂമിലെ ഗീസറിൽനിന്നുള്ള വാതകം ശ്വസിച്ച് ഗർഭിണി മരിച്ചു. നോർത്ത് ബംഗളൂരു സദാശിവ നഗറിലെ അശ്വത് നഗറിൽ വീട്ടമ്മയായ രമ്യയാണ് (23) മരിച്ചത്. ഗീസറിൽനിന്ന് ലീക്കായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് അപകടം. യുവതി ബോധരഹിതയായി വീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. ആറുമാസം ഗർഭിണിയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള നാലു വയസ്സുകാരനായ മകൻ സാമ്രാട്ട് അപകടനില തരണം ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം ഉച്ചക്കുശേഷം യുവതിയും മകനും കുളിക്കുന്നതിനിടെയാണ് അപകടം. വിഷവായു ശ്വസിച്ചതോടെ തല കറങ്ങി വീണ ഇരുവരും ഏറെനേരം ബാത്ത്റൂമിൽ കിടന്നതിനാൽ കൂടുതൽനേരം വിഷവായു ശ്വസിക്കാനിടയായി. വൈകുണ്ഡ ഏകാദശി ചടങ്ങിന് ക്ഷേത്രത്തിൽ പോകണമെന്ന് അറിയിച്ചിരുന്നതിനാൽ ഭർത്താവ് വരുമ്പോഴേക്കും രമ്യ മകനുമായി കുളിക്കാൻ കയറിയതിനിടയിലാണ് അപകടം നടന്നത്. പച്ചക്കറി കച്ചവടക്കാരനായ ഭർത്താവ് ജഗദീഷ് പിന്നീട് വീട്ടിലെത്തിയപ്പോൾ മുൻവശത്തെ വാതിൽ അടച്ചതായി കണ്ടു. വിളിച്ചുനോക്കിയിട്ടും മറുപടിയില്ലാതായതോടെ ജനൽ വഴി നോക്കിയപ്പോൾ കുളിമുറിയിൽ പൈപ്പ് തുറന്നുകിടക്കുകയാണെന്ന് മനസ്സിലായി. കതക് തകർത്ത് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി ആശുപത്രിയിലെത്തും മുമ്പേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
മുമ്പും സമാന സംഭവങ്ങൾ ബംഗളൂരുവിൽ നടന്നിരുന്നതായി പൊലീസ് പറഞ്ഞു. ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന ഗീസറുകളിലാണ് ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എളുപ്പം വെള്ളം ചൂടാവുമെന്നതും ഇലക്ട്രിക് ഗീസറിനെക്കാൾ ചെലവ് കുറവാണെന്നതുമാണ് ആളുകളെ ഗ്യാസ് ഗീസർ വാങ്ങാൻ പ്രേരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.