ബംഗളൂരു: അക്ഷരങ്ങൾ ഇല്ലാത്ത ഭാഷകളിൽ നിന്നുപോലും മികച്ച കവിതകൾ ഉണ്ടാകുന്ന കാലമാണെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുന്നതുകൊണ്ടാണ് കവിത സമകാലികമാകുന്നതെന്നും പ്രശസ്ത എഴുത്തുകാരി വി.എസ്. ബിന്ദു. കേരളസമാജം ദൂരവാണിനഗർ നടത്തിയ കാവ്യോത്സവത്തിൽ ‘കവിതയുടെ സമകാലികത’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കവിതയിലെ ജനാധിപത്യമാണ് ഗോത്രഭാഷ കവിതകളുടെ വരവ് സൂചിപ്പിക്കുന്നത്. 2000 വർഷങ്ങൾക്ക് മുമ്പ് ബുദ്ധസന്യാസിനികൾ എഴുതിയ ‘തെരിഗാഥ’ എന്ന പേരിൽ അറിയപ്പെടുന്ന കവിതകൾ ഇന്നും കാലത്തോട് സംവദിക്കുന്നത് അതിലടങ്ങിയ ശാശ്വതമൂല്യങ്ങൾ കൊണ്ടാണ്. ശാസ്ത്രത്തെയും യുക്തിബോധത്തെയും അടിസ്ഥാനമാക്കി എഴുതുന്ന കവിതകൾ അവനവനിസത്തിൽ നിന്നുമാറി സാമൂഹികമായ അംശങ്ങളിലേക്ക് കടക്കുന്നുണ്ട്. കന്നഡയിലെ അക്കമഹാദേവിയും തമിഴിലെ ആണ്ടാളും ഹിന്ദിയിലെ ഭക്തമീരയുമൊക്കെ എഴുതിയ കവിതകൾ സമകാലികമാകുന്നത് അതിലടങ്ങിയ സ്വാതന്ത്ര്യവാഞ്ജ കൊണ്ടാണ്. നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എന്തും കവിതക്ക് വിഷയമാകണം. സാർവലൗകികമായി വിഷയങ്ങളെ സമീപിപ്പിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ബിന്ദു ചൂണ്ടിക്കാട്ടി.
ആർ.വി. ആചാരി, മധു, എൻ.കെ. ശാന്ത, തങ്കമ്മ സുകുമാരൻ, രമ പ്രസന്ന പിഷാരടി, വി.കെ. സുരേന്ദ്രൻ, വിശ്വനാഥ്, ശിവകുമാർ, രജനി നാരായണൻ, ഗീത പി., ജിനു എന്നിവർ സ്വന്തം കവിതകളും, ഇന്ദിര ബാലന്റെ കവിത രതി സുരേഷും അനിൽ മിത്രാനന്ദപുരത്തിന്റെ കവിത ഹസീന ഷിയാസും അവതരിപ്പിച്ചു. സൗദ റഹ്മാൻ, സ്മിത ജഗദീഷ്, സുമ മോഹൻ, ഋഷികേശ്, ഗോകുൽനാഥ്, കെ. ദാമോദരൻ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ മലയാളത്തിലെ പ്രശസ്ത കവികളുടെ കവിതകളും ചൊല്ലി.
സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.പി. വിജയൻ, എം.കെ. ചന്ദ്രൻ, പി.സി. ജോണി എന്നിവർ സന്നിഹിതരായിരുന്നു. വനിത വിഭാഗം ചെയർപേഴ്സൻ ഗ്രേസി പീറ്റർ അതിഥിയെ സ്വീകരിച്ചു. സാഹിത്യവിഭാഗം അംഗം ഗീത പി. നാരായണൻ കവിത ചൊല്ലൽ നിയന്ത്രിച്ചു.
സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ അതിഥിയെ പരിചയപ്പെടുത്തി. സാഹിത്യ വിഭാഗം ചെയർമാൻ എം.എസ്. ചന്ദ്രശേഖരൻ സംവാദം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ സംവാദ പരിപാടിക്ക് ആമുഖം കുറിച്ചു. എജുക്കേഷനൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.