മംഗളൂരു: രാത്രിയിൽ പുള്ളിപ്പുലി ജനവാസ മേഖലയിലൂടെ കറങ്ങുന്നത് കണ്ടതിനെത്തുടർന്ന് കുന്താപുരം നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തിയിലായി. മൃഗത്തിന്റെ നീക്കങ്ങൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞതിനാൽ അടിയന്തരമായി ജാഗ്രത പുറപ്പെടുവിച്ചു. വ്യാഴാഴ്ച അർധരാത്രി ഒന്നോടെയാണ് അങ്കടകട്ടെക്ക് സമീപം ദേശീയപാതയോട് ചേർന്നും ജനസാന്ദ്രതയുള്ള പ്രദേശത്തും പുള്ളിപ്പുലിയെ കണ്ടത്. ഡോ. ജോൺസന്റെ വീടിന് പിന്നിലൂടെ പുള്ളിപ്പുലി നടന്നു പോകുന്നത് സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
പ്രാദേശിക സുരക്ഷാ ഏജൻസിയായ സൈൻ-ഇൻ സെക്യൂരിറ്റി സ്ഥാപിച്ച തത്സമയ നിരീക്ഷണ സി.സി.ടി.വി സംവിധാനമാണ് പുള്ളിപ്പുലിയുടെ നീക്കങ്ങൾ പകർത്തിയത്. നിരീക്ഷണത്തിൽ പുള്ളിപ്പുലിയെ കണ്ടയുടനെ സുരക്ഷ ഉദ്യോഗസ്ഥർ താമസക്കാരെ അറിയിക്കുകയും വീടിനുള്ളിൽതന്നെ തുടരാൻ ഉപദേശിക്കുകയും ചെയ്തു. താമസിയാതെ പുള്ളിപ്പുലി അപ്രത്യക്ഷമായതായും അതിന്റെ നിലവിലെ സ്ഥാനം അജ്ഞാതമായി തുടരുന്നുവെന്നും അധികൃതർ പറഞ്ഞു.
നേരത്തെ കുന്താപുരത്ത് പുള്ളിപ്പുലിയെ കൂടുതലും കണ്ടത് ഗ്രാമപ്രദേശങ്ങളായ തേക്കാട്ടെ, മൊളഹള്ളി, ബഡകെരെ, കോട്ടേശ്വരിലെ മാർക്കോട്, ഹോമ്പാടി, മണ്ടാടി, കലവറ, ഹർദല്ലി മണ്ഡലി, അമാസെബൈലു, കൊർഗി, ജപ്തി, കൊഡ്ലാഡി, ആലൂർ, കന്നട കുദ്രു തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.