ഹക്കീം റാസ
ബംഗളൂരു: ഇറാനിൽ നിലവിൽ താമസിക്കുന്ന കന്നടിഗരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് തെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി സജീവമായ ഏകോപനം നടക്കുന്നുണ്ടെന്ന് ഇന്തോ-ഇറാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് സയ്യിദ് ഹക്കീം റാസ പറഞ്ഞു.
കർണാടകയിൽനിന്നുള്ള വിദ്യാർഥികൾ, കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ എന്നിവരുൾപ്പെടെ 150 മുതൽ 200 വരെ വ്യക്തികൾ നിലവിൽ ഇറാനിലാണുള്ളത്. പ്രധാനമായും ഖോം, തെഹ്റാൻ, മഷ്ഹാദ് നഗരങ്ങളിലാണ്. കന്നടിഗരുടെ സുരക്ഷയും തിരിച്ചുവരവും സാധ്യമാക്കുന്നതിനായി ചേംബർ ഇന്ത്യൻ എംബസിയുമായി ഏകോപനത്തിലാണ്.
ഇന്തോ-ഇറാൻ ചേംബറിൽ ഡയറക്ടറും എൻ.ജി.ഒയുമായി ബന്ധമുള്ളതുമായ തന്റെ പ്രതിനിധി മന്നന്ദ് റാസ നിലവിൽ ഖോമിൽ സ്ഥിതിഗതികളിൽ സജീവമായി മേൽനോട്ടംവഹിക്കുന്നു. ഇറാനിലെ വലിയ വിഭാഗം കന്നടിഗര് വിദ്യാർഥികളാണ്. പ്രത്യേകിച്ച് വൈദ്യശാസ്ത്രവും മതപരമായ കോഴ്സുകളും പഠിക്കുന്നവർ.
കർണാടകയിൽനിന്ന് മാത്രം 15ൽ അധികം എം.ബി.ബി.എസ് വിദ്യാർഥികളുണ്ട്. 30ൽ അധികം വ്യക്തികൾ മതപഠനത്തിനായി അവിടെ പോയി. ചിലർ കുടുംബാംഗങ്ങളോടൊപ്പം. മറ്റു പലരും ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
മതസ്ഥാപനങ്ങൾക്ക് പേരുകേട്ടതും ഇറാന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് താരതമ്യേന സുരക്ഷിതമെന്ന് കരുതുന്നതുമായ നഗരമായ ഖോമിലാണ് ഏറ്റവും കൂടുതൽ കന്നടിഗർ ഉള്ളതെന്ന് റാസ വെളിപ്പെടുത്തി. ചിലർ തെഹ്റാനിലും മഷ്ഹാദിലും ഉണ്ട്. എന്നാൽ, ഈ മൂന്ന് നഗരങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. വിദ്യാർഥികളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക എൻ.ജി.ഒകളുമായും സർവകലാശാല അധികൃതരുമായും ഏകോപിപ്പിച്ചാണ് എംബസി ബസുകൾ ക്രമീകരിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള പത്തിലധികം വിദ്യാർഥികൾ നിലവിൽ തെഹ്റാൻ യൂനിവേഴ്സിറ്റി, ഇറാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് എന്നിവയുൾപ്പെടെ വിവിധ ഇറാനിയൻ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. എംബസി ഖോമിൽ നിന്ന് തെഹ്റാനിലേക്ക് ബസ് ഏർപ്പെടുത്തി.
ഈ റൂട്ടിൽ യാത്രക്ക് സാധാരണയായി രണ്ട് മണിക്കൂർ എടുക്കും. നിലവിൽ തെഹ്റാൻ സുരക്ഷിതമല്ലാത്തതായി കണക്കാക്കപ്പെടുന്നതിനാൽ വിദ്യാർഥികളെയും മറ്റ് ഇന്ത്യൻ പൗരന്മാരെയും ഖോം പോലുള്ള സുരക്ഷിത മേഖലകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.
ഇറാനിലെ അന്താരാഷ്ട്ര വിദ്യാർഥി ജനസംഖ്യയുടെ 60 ശതമാനത്തിലധികവും ഖോമിലാണ് താമസിക്കുന്നതെന്നും മതപഠനത്തിനുള്ള ഒരു കേന്ദ്രമായി ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും റാസ പറയുന്നു.
ഇത് ഖോമിനെ വിദ്യാർഥികൾക്ക് താരതമ്യേന സമാധാനപരവും സുരക്ഷിതവുമായ സ്ഥലമാക്കി മാറ്റുന്നു. എൻ.ജി.ഒകൾ വഴി സുരക്ഷിതമായ സ്ഥലങ്ങളിൽ താൽക്കാലിക താമസ സൗകര്യവും എംബസി ഒരുക്കിയിട്ടുണ്ട്. കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സ്ഥലങ്ങൾ സുസജ്ജമാണ്," -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.