യു. നിസാർ
അഹമ്മദ്
ബംഗളൂരു: കോൺഗ്രസ് സർക്കാർ മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുത്ത് ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുൻ ഐ.പി.എസ് ഓഫിസർ യു. നിസാർ അഹമ്മദ് അഭിപ്രായപ്പെട്ടു. അവകാശപ്പെട്ട നീതി നൽകുന്നതിനു പകരം മുസ്ലിംകളെ ആരും പ്രീതിപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകളുടെ സർവോതോമുഖ വികസനത്തിനായി കോൺഗ്രസ് സർക്കാർ നിർണായക ചുവടുകൾ വെക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മുസ്ലിംകൾ ഒന്നാകെ വോട്ടുചെയ്തതുകൊണ്ടാണ് മതേതരത്വ പാർട്ടിയായ കോൺഗ്രസ് അധികാരത്തിലെത്തിയത്.
എല്ലാവർക്കും നീതി വാഗ്ദാനം ചെയ്യുന്നതാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. കഴിഞ്ഞ ബി.ജെ.പി സർക്കാർ എടുത്ത തെറ്റായ തീരുമാനങ്ങൾ തിരുത്തുക എന്നതിനായിരിക്കണം കോൺഗ്രസ് സർക്കാർ മുൻഗണന നൽകേണ്ടത്.ഒ.ബി.സി വിഭാഗത്തിലെ രണ്ട് ബി കാറ്റഗറിയിൽനിന്ന് നാലു ശതമാനം സംവരണം ഒഴിവാക്കിയത് പുനഃസ്ഥാപിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചത് പിൻവലിക്കുകയും വേണം. ദേശീയ വിദ്യാഭ്യാസ നയത്തിൽ അനുയോജ്യമായ ഭേദഗതികൾ വരുത്തണം. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പദ്ധതികളും പ്രവർത്തനങ്ങളും നവീകരിക്കണം. വ്യാജ കേസുകളിൽ പ്രതിയാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്ത നിരപരാധികളായ ആളുകളെ സംരക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൽ അടിയന്തരമായി നടത്തണം- അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവിധ കമീഷനുകളിലും ബോർഡുകളിലും രാഷ്ട്രീയ നേതാക്കളെ ചെയർമാന്മാരാക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ സ്ഥാനങ്ങളിലേക്ക് അനുഭവസമ്പന്നരായ വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന മനുഷ്യാവകാശ കമീഷൻ, സംസ്ഥാന വിവരാവകാശ കമീഷൻ, സംസ്ഥാന പബ്ലിക് സർവിസ് കമീഷൻ തുടങ്ങിയ പ്രധാന സംവിധാനങ്ങളിൽ മുസ്ലിം പ്രാതിനിധ്യം വേണം. മുസ്ലിംകൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ അനാവശ്യ കാലതാമസം പല ഉദ്യോഗാർഥികളെയും പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡിന് കീഴിലെ സ്വത്തുക്കളുടെ ദുർവിനിയോഗം തടയാൻ വഖഫ് സ്വത്തുക്കൾ വഖഫ് ബോർഡിന്റെ പേരിൽ റവന്യൂ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നും വഖഫ് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പിന്റെയും പൊലീസിന്റെ സംയുക്ത ഇടപെടൽ നടത്തണമെന്നും അദ്ദേഹം നിർദേശം മുന്നോട്ടുവെച്ചു. കർണാടക ഐ.ജിയായി സർവിസിൽനിന്ന് വിരമിച്ചയായളാണ് യു. നിസാർ അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.