ബംഗളൂരു: മുസ്‍ലിം ലീഗ് കേരളഘടകം അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സുഹൃദ് സംഗമങ്ങൾ ദേശവ്യാപകമായി സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. ഖാദർ മൊയ്‌ദീൻ പറഞ്ഞു. ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വിവിധ മത സാംസ്കാരിക സംഘടന നേതാക്കളെയും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചു കേരളത്തിൽ ജില്ല തലങ്ങളിൽ നടത്തിയ സുഹൃദ് സംഗമങ്ങൾ നിലവിലെ സാമൂഹിക അന്തരീക്ഷത്തിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.
സമൂഹത്തെ കേൾക്കാൻ വേണ്ടിയാണ് പാർട്ടി ഇത്തരം പരിപാടികൾ ഏറ്റെടുത്തത്. കേരളത്തിന് പുറമെ ബംഗളൂരുവിലും സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകിയ സുഹൃദ് സംഗമം സംഘടിപ്പിച്ചിരുന്നു. സമാന രീതിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചെന്നൈ റോയാപുരത്തെ റംസാൻ മഹലിൽ 'ഇന്ത്യയുടെ ഒരുമയിലേക്കുള്ള യാത്ര' എന്ന പേരിൽ സംഗമം സംഘടിപ്പിക്കും.
മുസ്‍ലിം ലീഗ് ദേശീയ -സംസ്ഥാന നേതാക്കൾക്ക് പുറമെ തമിഴ്‌നാട് മന്ത്രിമാരും മത നേതാക്കളും മഠാധിപരും സാസ്കാരിക നായകരും ഉൾപ്പെടെ 75ഓളം പ്രതിനിധികൾ സംബന്ധിക്കുമെന്നും
അദ്ദേഹം അറിയിച്ചു. രാജ്യത്ത് വർഗീയ ശക്തികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ മാനവ സൗഹൃദത്തിന്റെ പുത്തൻ ശീലങ്ങൾ സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് മുസ്‍ലിം ലീഗ് ശ്രദ്ധ ചെലുത്തുന്നത്. ശനിയാഴ്ച ചെന്നൈയിൽ ചേരുന്ന മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ചർച്ചചെയ്യുമെന്നും ഖാദർ മൊയ്‌ദീൻ അറിയിച്ചു.
കർണാടക മുസ്‍ലിംലീഗ് പ്രസിഡന്റ് എൻ. ജാവിദുല്ല, ജനറൽ സെക്രട്ടറി ഇബ്രാഹിം ജാക്കോട്ടെ, എ.ഐ.കെ.എം.സി.സി ദേശീയ അധ്യക്ഷൻ എം.കെ. നൗഷാദ്, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ എസ്.എച്ച്. മുഹമ്മദ് അർഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.