ബെളഗാവിയിലെ നിയമസഭ സമ്മേളനത്തില്‍നിന്ന്
ബംഗളൂരു: കോൺഗ്രസ് ഹൈകമാൻഡ് ആഗ്രഹിക്കുന്നിടത്തോളം കാലം താൻ മുഖ്യമന്ത്രിയായി തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവർത്തിച്ചു. അഞ്ച് വർഷം ഭരിക്കാനാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. 2028ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും അധികാരത്തിൽ വരും. ഞങ്ങൾക്ക് ഹൈകമാൻഡ് ഉണ്ട്. അവരുടെ തീരുമാനം ഞങ്ങൾ സ്വീകരിക്കും. ഹൈകമാൻഡിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ നേതൃപ്രശ്നം സംബന്ധിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സിദ്ധരാമയ്യ, ഞാൻ അഞ്ചുവർഷം മുഖ്യമന്ത്രിയായി തുടരുമെന്ന് മുമ്പ് പറഞ്ഞിരുന്നു, എന്നാൽ, ഇപ്പോൾ അദ്ദേഹം ‘ഞങ്ങൾ’ അഞ്ച് വർഷം ഭരിക്കും എന്ന് പറയുന്നു. ‘ഞാൻ’ എന്ന ഏകവചനത്തിൽ നിന്ന് ‘ഞങ്ങൾ’ എന്ന ബഹുവചനത്തിലേക്ക് മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി എം.എൽ.എ എസ്. സുരേഷ് കുമാർ പരിഹസിച്ചു. സർക്കാർ എന്നും ബഹുവചനമായിരുന്നു. അത് ഒരിക്കലും ഒരു വ്യക്തിഗത കാര്യമായിരുന്നില്ല.
ഞാൻ ഇതുവരെ മുഖ്യമന്ത്രിയാണ്, ഹൈകമാൻഡ് ആഗ്രഹിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുമെന്ന് സിദ്ധരാമയ്യ മറുപടി നൽകി. കർണാടകയിലെ വോട്ടർമാരുടെ അനുഗ്രഹം എന്നും ഞങ്ങള്‍ക്കൊപ്പമാണ്. ബി.ജെ.പി എന്നും പ്രതിപക്ഷത്ത് തുടരുമെന്നും മുഖ്യമന്ത്രി തിരിച്ചടച്ചു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വിശ്വസ്തനും കുനിഗലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയുമായ എച്ച്.ഡി. രംഗനാഥ് തന്റെ മണ്ഡലത്തിലെ കർഷകർക്ക് ജില്ല കേന്ദ്ര സഹകരണ ബാങ്കിൽ നിന്ന് (ഡി.സി.സി ബാങ്ക്) ഹ്രസ്വകാല വായ്പ ലഭിക്കുന്നില്ലെന്നും അടുത്തുള്ള മധുഗിരി നിയോജകമണ്ഡലത്തിലെ കർഷകർക്ക് 100 കോടി രൂപയുടെ ഹ്രസ്വകാല വായ്പകൾ ലഭിച്ചിട്ടുണ്ടെന്നും ആരോപിച്ചു. എന്തെങ്കിലും വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തുമെന്നു ഉറപ്പ് നല്‍കുന്നതായും രംഗനാഥ് തന്നെ വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു. വിവേചനം മനഃപൂർവമാണെന്ന് തോന്നുന്നുവെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആർ. അശോക പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.