മംഗളൂരു: അന്വേഷണം പുരോഗമിക്കുമ്പോഴും സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെന്നും ആരോപിക്കപ്പെടുന്ന ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയതു സംബന്ധിച്ച് ഇതുവരെ ശക്തമായ തെളിവുകളൊന്നുമില്ലെന്നും മംഗളൂരു കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
കുഡുപ്പു അധികാരപരിധിയിലുടനീളമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും ആ ദിവസത്തെ സംഭവങ്ങൾ പുനർനിർമിക്കുന്നതിനും ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനും ദൃക്‌സാക്ഷികളിൽനിന്ന് സഹായം തേടാനും ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിനുശേഷം ഒളിവിൽ പോയ കെ. അനിൽ എന്നയാളെ ബെളഗാവിയിലെ ഗോഖക്കിൽനിന്നാണ് പൊലീസ് പിടികൂടിയത്.
ക്രൂരമായ ആക്രമണത്തിനുശേഷം ഒളിവിൽ പോയ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് സംഘങ്ങൾ തുടരുകയാണെന്ന് കമീഷണർ അനുപം അഗർവാൾ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന 15ഓളം വ്യക്തികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇവരിൽ പലരുടെയും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.
മംഗളൂരു: മലയാളി യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജവും പ്രകോപനപരവുമായ ഉള്ളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മൂന്നുപേർക്കെതിരെ മംഗളൂരു പൊലീസ് കേസെടുത്തു. വർഗീയ കലാപം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തെറ്റായ വാർത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് കമീഷണർ അനുപം അഗർവാൾ പറഞ്ഞു.
കൊണാജെ പ്രദേശത്തെ ആദ്യ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായി അവകാശപ്പെട്ട് പ്രതികളിലൊരാൾ വാട്സ്ആപ് ഗ്രൂപ്പിൽ വ്യാജ സന്ദേശം പോസ്റ്റ് ചെയ്തു. ബാർക്കെ പ്രദേശത്തെ രണ്ടാമത്തെ വ്യക്തി തന്റെ ഇൻസ്റ്റഗ്രാം പേജിൽ കേസിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പോസ്റ്റ് ചെയ്തു.
ഒരു വാട്സ്ആപ് ഗ്രൂപ്പിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കങ്കനാടി ടൗണിൽ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുസമാധാനം തകർക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.