ബി.ജെ.പി സർക്കാറിന്റെ സർക്കുലർ പുറത്തുവിട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ

ബംഗളൂരു: സർക്കാർ സ്ഥാപനങ്ങളിലെ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന ആവശ്യം വിവാദമായിരിക്കെ ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി സർക്കാറിന്റെ കാലത്ത് ഇറക്കിയ സർക്കുലർ പുറത്തുവിട്ട് മന്ത്രി പ്രിയങ്ക് ഖാർഗെ. സ്കൂൾ പരിസരങ്ങളും അനുബന്ധ കളിസ്ഥലങ്ങളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാത്രം പരിമിതപ്പെടുത്തുന്ന സർക്കുലർ 2013ൽ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രി ആയിരിക്കെയാണ് പുറത്തിറക്കിയത്.

സ്കൂളുകളിലും സ്കൂൾ പരിസരങ്ങളിലും സ്വകാര്യ സംഘടനകളുടെ പരിപാടികൾ അനുവദിക്കരുതെന്നും സ്കൂൾ പരിസരം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മാത്രമായി നീക്കിവെക്കണമെന്നുമാണ് സർക്കുലർ. ബി.ജെ.പി സർക്കാർ പുറപ്പെടുവിച്ച ഈ ഉത്തരവ് ആർ.എസ്.എസിനും ബാധകമല്ലേ എന്ന് പ്രിയങ്ക് ഖാർഗെ ചോദിച്ചു.

ഈ ഉത്തരവ് നിലവിലുള്ളപ്പോഴാണ് സ്കൂളുകൾ തങ്ങളുടെ സ്വത്താണെന്ന മട്ടിൽ ആർ.‌എസ്‌.എസ് അവരുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. നിയമങ്ങൾക്ക് മുകളിലാണ് തങ്ങളെന്നാണ് ആർ.‌എസ്‌.എസ് കരുതുന്നതെന്നും പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു.

ജീവനക്കാർക്ക് വിലക്ക്

ബംഗളൂരു: സർക്കാർ ജീവനക്കാർ ആർ.‌എസ്‌.എസ് പരിപാടികളിൽ പങ്കെടുക്കുന്നത് കർശനമായി വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ രണ്ടാമത്തെ കത്ത്. 2021ലെ കർണാടക സിവിൽ സർവിസസ് (പെരുമാറ്റ ചട്ടങ്ങൾ) ചട്ടം അഞ്ച്(ഒന്ന്) പ്രകാരം ‘ഒരു സർക്കാർ ജീവനക്കാരനും രാഷ്ട്രീയത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ സംഘടനയിലോ അംഗമാവുകയോ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യരുത്. അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിലോ പ്രവർത്തനത്തിലോ പങ്കെടുക്കുകയോ സംഭാവന നൽകുകയോ സഹായിക്കുകയോ ചെയ്യരുത്’.

കർണാടകയിലെ നിരവധി സർക്കാർ ജീവനക്കാർ ആർ.എസ്‌.എസ് അല്ലെങ്കിൽ മറ്റ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നുണ്ടെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സർക്കുലറുകൾ പുറപ്പെടുവിക്കണമെന്നും ഒക്ടോബർ 13ന് എഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആർ‌.എസ്‌.എസ് പരിപാടികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ നാലിനാണ് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിക്ക് ആദ്യ കത്തയച്ചത്. ഇതിനെതിരെ ബി.ജെ.പിയും ആർ.എസ്.എസും രംഗത്തുണ്ട്. പ്രിയങ്ക് ഖാർഗെയുടെ ഫോണിൽ നിരന്തരം ഭീഷണികാളുകൾ വരുന്നതിനാൽ ഇദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി.

Tags:    
News Summary - Minister Priyank Kharge releases BJP government circular

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.