മു​നീ​ഷ് മൗ​ദ്ഗി​ൽ

വസ്തു നികുതിക്കൊപ്പം സോഫ്റ്റ് വെയർ ചാർജ്ജ്: പ്രതിഷേധിച്ച് ജനം; ന്യായീകരിച്ച് ജി.ബി.എ കമീഷണർ

ബംഗളൂരു: നഗരവാസികളുടെ വസ്തു നികുതിക്കൊപ്പം ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) ‘സോഫ്റ്റ്‌വെയർ ചാർജ്’ എന്ന പേരിൽ ഒരിനം കൂടി പുതുതായി ഉൾപ്പെടുത്തി. ഇതിനെതിരെ ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നു. റസിഡൻഷ്യൽ സ്വത്തുക്കൾക്ക് പ്രതിവർഷം 200 രൂപയും വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് 1000 രൂപയുമാണ് സോഫ്റ്റ്‌വെയർ ചാർജ് ആയി നികുതി രസീതുകളിൽ ഉൾപ്പെടുത്തുന്നത്. നഗരസഭയുടെ ഡിജിറ്റൽ സംവിധാനങ്ങൾക്കും സോഫ്റ്റ്‌വെയറുകൾക്കും വസ്തുവുടമകൾ എന്തിന് പ്രത്യേകം പണം നൽകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര 'എക്സ് 'പോസ്റ്റിൽ ചോദിച്ചു.

സാമ്പത്തിക വർഷം മധ്യത്തോടെയാണ് ഈ തുക വസ്തുനികുതി പോർട്ടലിൽ പ്രത്യക്ഷപ്പെട്ടത്. വർഷാദ്യപകുതി നികുതി അടച്ചവർക്ക് അധിക തുക അടക്കേണ്ടി വന്നില്ല. ബംഗളൂരുവിൽ ഇത്തരമൊരു നികുതി ഏർപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് നികുതിദായകർ പറയുന്നത്.

എന്നാൽ ജി.ബി.എയുടെ റവന്യൂ വിഭാഗം ഈ നടപടി ന്യായീകരിച്ച് രംഗത്തെത്തി. നഗരത്തിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുമുള്ള ചെലവുകൾ നികത്താനാണ് ഈ തുക ഈടാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. ‘ഉപയോഗിക്കുന്നയാൾ പണം നൽകുക’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ലോകോത്തര നിലവാരമുള്ള നഗരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള സോഫ്റ്റ്‌വെയറുകളും ഐ.ടി അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് ജി.ബി.എ സ്പെഷൽ കമീഷണർ മുനീഷ് മൗദ്ഗിൽ പറഞ്ഞു. ഓൺലൈൻ സേവനങ്ങൾ വഴി ജനങ്ങൾക്ക് ലഭിക്കുന്ന സമയലാഭവും സൗകര്യവും കണക്കിലെടുക്കുമ്പോൾ പ്രതിവർഷം 200 രൂപ എന്നത് വളരെ ചെറിയ തുക മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടുവർഷത്തിനിടെ 12 ലക്ഷത്തോളം ഇ-ഖാത്തകൾ വേഗത്തിൽ വിതരണം ചെയ്യാൻ സാധിച്ചത് ഇത്തരം ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടാണെന്നും ജി.ബി.എ വ്യക്തമാക്കുന്നു.

Tags:    
News Summary - GBA Commissioner justifies on Software charge along with property tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.