കാലിക്കടത്തുകാരനായ മണ്ഡ്യ സ്വദേശി ഇദ്രീസ് പാഷയെ മർദിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികൾ
ബംഗളൂരു: കർണാടക രാമനഗരയിൽ കാലിക്കടത്തുകാരനായ മണ്ഡ്യ സ്വദേശി ഇദ്രീസ് പാഷയെ (40) മർദിച്ചുകൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പുനീത് കെരെഹള്ളിക്കും മറ്റു നാലു പ്രതികൾക്കും ജാമ്യം. പ്രതികളുടെ മൂന്നു ജാമ്യഹരജികളിൽ ജസ്റ്റിസ് എം.ജി. ഉമ അധ്യക്ഷയായ കർണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇദ്രീസ് പാഷയുടെ ദേഹത്ത് ചെറിയ പോറലുകളേയുള്ളൂവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്നും ഗുരുതര പരിക്കുകളില്ലെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അരുൺ ശ്യാം വാദിച്ചു.
മാർച്ച് 31ന് രാത്രി 11.40ഓടെയാണ് കേസിനാസ്പദമായ സംഭവം. നിയമം ലംഘിച്ചാണ് കാലിക്കടത്തെന്ന് ആരോപിച്ച് ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്ന പുനീത് കെരെഹള്ളിയും കൂട്ടാളികളും രാമനഗര സാത്തനൂരിൽ ഇദ്രീസ് പാഷയുടെ ലോറി തടയുകയായിരുന്നു. സെയ്ദ് സഹീർ, ഇർഫാൻ എന്നിവരും ലോറിയിലുണ്ടായിരുന്നു. കന്നുകാലികളെ കൊണ്ടുപോകാനുള്ള രേഖകൾ ഇദ്രീസ് കാണിച്ചെങ്കിലും കെരെഹള്ളി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു. തുക നൽകാനാവില്ലെന്ന് പറഞ്ഞതോടെ ആക്രമിച്ചു. ഇതോടെ ഇദ്രീസ് പാഷയും ഇർഫാനും രക്ഷപ്പെടാനായി ഓടി. പിറ്റേദിവസമാണ് പാഷയുടെ മൃതദേഹം സാത്തനൂരിലെ റോഡരികിൽ പൊലീസ് സ്റ്റേഷന് 100 മീറ്ററകലെ കണ്ടെത്തിയത്. രണ്ടു ലക്ഷം രൂപ നൽകിയില്ലെങ്കിൽ പാഷയെ വിട്ടുതരില്ലെന്നും കൊല്ലുമെന്നും കുടുംബാംഗങ്ങളെ പുനീത് കെരെഹള്ളി ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹവുമായി ബന്ധുക്കൾ സമരം നടത്തിയതോടെയാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 341 (അനധികൃതമായി തടഞ്ഞുവെക്കൽ), 504 (മനഃപൂർവം സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമം) എന്നീ വകുപ്പുകൾ ചുമത്തി രാമനഗര പൊലീസ് കേസെടുത്തത്. കൊലപാതകത്തിനുശേഷം കർണാടകയിൽനിന്ന് മുങ്ങിയ പ്രതികളെ ഏപ്രിൽ അഞ്ചിന് രാജസ്ഥാനിൽനിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
‘രാഷ്ട്ര രക്ഷണ പദെ’ എന്ന സംഘടനയുടെ പേരിൽ തീവ്ര ഹിന്ദുത്വ പ്രവർത്തനങ്ങൾ നടത്തുന്ന ഹാസൻ സ്വദേശിയായ പുനീത് കെരെഹള്ളിക്കെതിരെ കർണാടകയിൽ നിരവധി കേസുകളുണ്ട്.
ഹലാൽ ഭക്ഷണത്തിനെതിരെയും മുസ്ലിം കച്ചവടക്കാരെ ക്ഷേത്രോത്സവങ്ങളിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് ഇയാളുടെ നേതൃത്വത്തിൽ കാമ്പയിൻ നടത്തിയിരുന്നു. ബി.ജെ.പി എം.പി തേജസ്വി സൂര്യ, ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി, ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് തുടങ്ങിയവരോടൊപ്പം പുനീത് നിൽക്കുന്ന നിരവധി ഫോട്ടോകളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.