ബംഗളൂരുവിൽ നടത്തിയ മതസൗഹാർദ സമ്മേളനം സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി ലളിത നായ്ക്, ഡി.പി. റായ്, മണിശങ്കർ അയ്യർ, രാജീവ് ഗൗഡ, ഡോ. സന്ദീപ് പാണ്ഡേ, മോഹൻ കൊണ്ടാജി, മൈക്കൾ ഫെർണാണ്ടസ് എന്നിവർ സമീപം
ബംഗളൂരു: വർഗീയ ഫാഷിസത്തെ ചെറുക്കാൻ ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികൾ യോജിച്ചു രംഗത്തുവരണമെന്നും അകന്നുനിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ സോഷ്യലിസ്റ്റ് പാർട്ടി മുൻകൈ എടുക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യർ അഭിപ്രായപെട്ടു.
ബംഗളൂരു ഗാന്ധിഭവനിൽ സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ, സാമൂഹിക സംഘടനകളുമായി ചേർന്നു സംഘടിപ്പിച്ച മത സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് പാർട്ടി ദേശീയ പ്രസിഡന്റ് തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽ ജി20 യോഗത്തിൽ സ്വസ്തിക് ചിഹ്നം പുഷ്പങ്ങളാൽ പ്രദർശിപ്പിച്ച് ഫാഷിസം നടപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ച സർക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്നും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കെതിരെ യോജിച്ച സ്ഥാനാർഥിയെ നിർത്താൻ പ്രതിപക്ഷ പാർട്ടികൾ തയാറാവണമെന്നും തമ്പാൻ തോമസ് പറഞ്ഞു.
സ്വരാജ് അഭയാൻ നേതാവ് യോഗേന്ദ്ര യാദവ്, കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ഗൗഡ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ ദേവ സഹായം, മുൻമന്ത്രി ലളിത നായ്ക്, ഡോ. സന്ദീപ് പാണ്ഡേ, സോഷ്യലിസ്റ്റ് പാർട്ടി കർണാടക പ്രസിഡന്റ് മൈക്കൾ ഫെർണാണ്ടസ്, പ്രഫ. ശ്യാം ഗംഭീർ, മോഹൻ കൊണ്ടാജി എം.എൽ.സി, ശശികാന്ത് ഷെന്തിൽ, മനോജ് ടി. സാരംഗ് തുടങ്ങിയവർ സംസാരിച്ചു. ബംഗാളിലെ മുൻ എം.പി ഡി.പി. യാദവ് അധ്യക്ഷത വഹിച്ചു. തെരുവുനാടകവും നാടൻപാട്ടുകളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.