മംഗളൂരു കോർപറേഷൻ സംഘടിപ്പിച്ച ജലയോഗയിൽ എസ്.എം. ശിവപ്രകാശ് നീന്തുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോസ്റ്റ്കാർഡ് എഴുതുന്നു, 2-ജലയോഗയിൽനിന്ന്
മംഗളൂരു: അന്താരാഷ്ട്ര യോഗദിനമായ ശനിയാഴ്ച മംഗളൂരു സിറ്റി കോർപറേഷൻ നീന്തൽക്കുളത്തിൽ അമച്വർ നീന്തൽ സംഘത്തിലെ 40ഓളം അംഗങ്ങളുടെ ജലയോഗ വിസ്മയകരമായി. 16 അടി ആഴമുള്ള വെള്ളത്തിൽ പൊങ്ങിക്കിടന്ന് പദ്മാസന, ശവാസന തുടങ്ങിയ യോഗാസനങ്ങൾ അവതരിപ്പിച്ചു. പരമ്പരാഗത യോഗാസനങ്ങൾ, ശ്വസനരീതികൾ, വെള്ളത്തിൽ പരിശീലിക്കുന്ന ധ്യാനം എന്നിവയുടെ മിശ്രിതമായ ജലയോഗ ശാരീരിക ക്ഷമതയെയും മാനസിക വിശ്രമത്തെയും എങ്ങനെ വർധിപ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകർ എടുത്തുകാണിച്ചു.
മംഗളൂരു ഫിഷറീസ് സർവകലാശാലയിലെ വിരമിച്ച ഡീൻ എസ്.എം. ശിവപ്രകാശ് നീന്തുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോസ്റ്റ്കാർഡ് എഴുതി. ‘‘പ്രിയ മോദിജീ, അന്താരാഷ്ട്ര യോഗ ദിനാശംസകൾ. കുളത്തിൽ നീന്തുമ്പോഴാണ് ഞാൻ ഈ പോസ്റ്റ്കാർഡ് എഴുതുന്നത്. ഫിറ്റ് ഇന്ത്യ - ശിവപ്രകാശ്, മംഗളൂരു’’ എന്ന് എഴുതിയ കുറിപ്പ് പരിപാടിയിൽ ശ്രദ്ധയാകർഷിച്ചു.
ഒരു ഭൂമി, ഒരു ആരോഗ്യം എന്ന ഈ വർഷത്തെ യോഗദിന പ്രമേയത്തിൽ, നഗരത്തിലെ പൊതു നീന്തൽക്കുളവുമായി സഹകരിച്ച് അമച്വർ നീന്തൽക്കാരുടെ ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. നഗരത്തിൽ ഇത്തരമൊരു ജലയോഗ പ്രദർശനം ആദ്യമാണെന്ന് പങ്കെടുത്തവരിൽ ഒരാളായ ചന്ദ്രഹാസ് ഷെട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.