ഇന്ദിര നഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച തിപ്പസാന്ദ്ര
ഫ്രന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിൽ ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു
ബംഗളൂരു: തോൽക്കുന്ന സമരങ്ങളും പ്രധാനമാണെന്നും തോൽക്കാൻ തയാറായിത്തന്നെ സമൂഹത്തിന്റെ വീണ്ടെടുപ്പിനായുള്ള സമരങ്ങളിൽ നമ്മൾ പങ്കാളികളാവണമെന്നും സാഹിത്യകാരി ഡോ. ഖദീജ മുംതാസ് പറഞ്ഞു.
ഇന്ദിര നഗർ ഇ.സി.എ ഹാളിൽ സംഘടിപ്പിച്ച തിപ്പസാന്ദ്ര ഫ്രന്റ്സ് അസോസിയേഷന്റെ കുടുംബ സംഗമത്തിലെ സാഹിത്യ സമ്മേളനത്തിൽ ‘കുടുംബം: ചരിത്രവും വർത്തമാനവും’എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അവർ.
അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന ഭീതിദമായ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാ അധികാര കേന്ദ്രങ്ങളുടെയും അടിസ്ഥാനം കുടുംബം തന്നെയാണ്.
പഴയ നവോത്ഥാന സങ്കൽപത്തിൽനിന്ന് മാറി സവർണ സംസ്കാരത്തിന്റെ ഭാഗമാകാനാണ് കുടുംബങ്ങൾ ശ്രമിക്കുന്നത്. വ്യക്തിയിലും കുടുംബത്തിലും മാത്രമായി ഒതുങ്ങിക്കഴിയുന്ന, സാമൂഹികവത്കരിക്കപ്പെടാത്ത കുട്ടികൾ വിദ്വേഷ പ്രചാരണങ്ങൾക്ക് എളുപ്പം കരുക്കളായി മാറുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
കുടുംബത്തിൽ ജനാധിപത്യം നടപ്പാക്കിയാലേ രാജ്യത്ത് ജനാധിപത്യം പുലരുകയുള്ളൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് പി.കെ. കേശവൻ നായർ ചൂണ്ടിക്കാട്ടി. സെക്രട്ടറി പി.പി. പ്രദീപ്, ട്രഷറർ പി. മോഹൻദാസ്, പൊന്നമ്മദാസ് തുടങ്ങിയവർ സംസാരിച്ചു.
കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, നാടൻ പാട്ട് എന്നിവയും മലയാള കലാഭവൻ അവതരിപ്പിച്ച ‘വീണേടം വിദ്യ’നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.