ബംഗളൂരു: കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ എട്ട് മുതൽ 10 ദിവസം ബെലഗാവി സുവർണ വിധാൻ സൗധയിൽ നടക്കും. മൂന്ന് മന്ത്രിസഭ ഉപസമിതികൾ സമർപ്പിക്കുന്ന മൂന്ന് റിപ്പോർട്ടുകളാവും സമ്മേളനത്തിൽ മുഖ്യചർച്ച. ആറ് മാസത്തിലേറെയായി റിപ്പോർട്ട് സമർപ്പിക്കാത്ത ഉപസമിതികളോട് എത്രയുംവേഗം സമർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.
കോവിഡ് കാലത്ത് ബസവരാജ് ബൊമ്മൈ നേതൃത്വം നൽകിയ ബി.ജെ.പി സർക്കാർ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണത്തിൽ 128 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് സിദ്ധരാമയ്യ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജോൺ മൈക്കൽ ഡി. കുൻഹയുടെ റിപ്പോർട്ടാണ് ഒരു മന്ത്രിസഭ ഉപസമിതിയുടെ പരിഗണനക്ക് കൈമാറിയത്.
കർണാടകയിലെ സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും ഉചിതമായ ശിപാർശകൾ നൽകുന്നതിനുമായി രൂപവത്കരിച്ചതാണ് രണ്ടാമത്തെ ഉപസമിതി. ബംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ ഇടനാഴിയിലെ വികസനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവിയിൽ സ്വീകരിക്കേണ്ട ഉചിതമായ നടപടികൾ ആരംഭിക്കുന്നതിനുമായി ചുമതലപ്പെടുത്തിയതാണ് മൂന്നാമത്തെ സമിതി. ഒന്നും രണ്ടും സമിതികൾക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മൂന്നാമത്തേതിന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വരയുമാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.