മംഗളൂരു: മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും തത്ത്വചിന്തകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ലോക്‌സഭ പി.എ.സി ചെയർമാൻ കെ.സി. വേണുഗോപാൽ പറഞ്ഞു. എന്നാൽ, ഈ മഹത്തായ ഭരണഘടന ഇപ്പോൾ ഭീഷണി നേരിടുകയാണെന്ന് മംഗളൂരു സർവകലാശാലയിൽ ഗുരു-ഗാന്ധി സംവാദ ശതാബ്ദി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകൾക്കുമുമ്പ് ഗാന്ധിജിയും ഗുരുവും പോരാടിയതിന് സമാനമാണ് നിലവിലെ ഇന്ത്യൻ സാഹചര്യം. നാം അവരുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കണം. നാരായണഗുരു ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’എന്ന സന്ദേശം പ്രചരിപ്പിച്ചപ്പോൾ ഗാന്ധിജി സത്യത്തിനും അഹിംസക്കും വേണ്ടി നിലകൊണ്ടു.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്നതും തൊട്ടുകൂടായ്മ, അസമത്വം തുടങ്ങിയ സാമൂഹിക തിന്മകൾ വ്യാപകമായിരുന്നതുമായ കാലഘട്ടത്തിൽ 1925ലെ അവരുടെ കൂടിക്കാഴ്ച ചരിത്രത്തിലെ നാഴികക്കല്ലായി മാറി. അവരുടെ സംഭാഷണം പിന്നീട് നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിലേക്ക് നയിച്ചെന്ന് വേണുഗോപാൽ പറഞ്ഞു.
പരിപാടിയിൽ അധ്യക്ഷത വഹിച്ച സ്പീക്കർ യു.ടി. ഖാദർ സർവകലാശാല വേദിക്ക് ഗുരു-ഗാന്ധി മൈതാൻ എന്ന് പേരിടുമെന്നും പാർക്കും സ്‌പോർട്‌സ് ഗ്രൗണ്ടും നിർമിക്കുന്നതിന് ഫണ്ട് നൽകുമെന്നും പറഞ്ഞു.
വികസനം എന്നാൽ റോഡുകളും പാലങ്ങളും മാത്രമല്ല, ഹിന്ദുക്കളുടെയും മുസ്‍ലിംകളുടെയും ദലിതരുടെയും ക്രിസ്ത്യാനികളുടെയും സമ്പന്നരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കുട്ടികൾ ഐക്യത്തോടെ ഒരുമിച്ച് നടക്കുമ്പോഴാണ് യഥാർഥ വികസനമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.