കർണാടക: മറഞ്ഞത് പ്രതീക്ഷ നൽകാത്ത വർഷം

ജനായത്ത സർക്കാർ എന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് കാണുന്നതിന് പകരം മതത്തിന്‍റെയും ജാതിയുടെയും പേരിൽ ജനത്തെ ഭിന്നിപ്പിക്കുന്ന നടപടികൾ സജീവമാക്കിയ വർഷമായിരുന്നു കർണാടകയിൽ 2022. ന്യൂനപക്ഷ ജനവിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്ന നിരവധി സംഭവങ്ങളാണ് കഴിഞ്ഞവർഷം ഉണ്ടായത്.

മന്ത്രിമാരിൽനിന്നും മറ്റു ജനപ്രതിനിധികളിൽനിന്നും ദിനേനയെന്നോണം പ്രകോപന-വിദ്വേഷ പ്രചാരണം ഉണ്ടായി. മറ്റു മതസ്ഥർക്കെതിരെ ഹിന്ദുക്കൾ ആയുധം കൈയിലെടുക്കണമെന്ന ശിവമൊഗ്ഗയിൽ നടന്ന ഹിന്ദുജാഗരണ വേദികെയുടെ സമ്മേളനത്തിൽ ബി.ജെ.പി എം.പി. പ്രജ്ഞ സിങ് ഠാകുർ നടത്തിയ പ്രസംഗമാണ് ഏറ്റവും ഒടുവിലത്തേത്.

ഭരണപരാജയം മറക്കാൻ വൈകാരികത

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ പ്രതിമകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ജനങ്ങളെ വിശ്വാസത്തിന്‍റെയും വൈകാരികതയുടെയും തടവിലിട്ട് ഭരണപരാജയം മറക്കുകയാണ് ബി.ജെ.പി സർക്കാർ. ഏതു സർക്കാർ പ്രവൃത്തികളിലും 40 ശതമാനം കമീഷൻ തുക സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്ക് നൽകണമെന്ന കരാറുകാരുടെ വെളിപ്പെടുത്തൽ വൻവിവാദമാണ് ഉണ്ടാക്കിയത്.

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്​ മു​ന്നി​ൽ സ്​​ഥാ​പി​ച്ച കെം​പെ​ഗൗ​ഡ​യു​ടെ കൂ​റ്റ​ൻ​പ്ര​തി​മ . ഭ​ര​ണ​പ​രാ​ജ​യം മ​റ​ക്കാ​നാ​യി വി​ശ്വാ​സ​ത്തെ​യും വൈ​കാ​രി​ക​ത​യെ​യും ഉ​പ​യോ​ഗ​​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ർ​ക്കാ​ർ

ഇതിനെ തുടർന്ന് കോൺഗ്രസ് നടത്തിയ പേ സി.എം കാമ്പയിൻ ബി.ജെ.പിയെ വൻപ്രതിരോധത്തിലാക്കിയിരുന്നു. എസ്.ഐ നിയമനപരീക്ഷയിൽ സംസ്ഥാനത്തെ പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥർ വരെയാണ് കുടുങ്ങിയത്. കോടികളുടെ അഴിമതിയാണ് ഇതിൽ നടന്നത്.

ഹിജാബ് വിലക്ക്

ഹിജാബ് ധരിച്ച ആറു മുസ്‍ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളജിൽനിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ തുടക്കം. ഇതിനെതിരെ സംസ്ഥാനവ്യാപകമായ പ്രതിഷേധമുണ്ടായി. വിദ്യാർഥിനികളടക്കം കർണാടക ഹൈകോടതിയിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി.

എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്‍ലാമിക വിശ്വാസപ്രകാരം നിർബന്ധമല്ലെന്നായിരുന്നു ഹൈകോടതിയുടെ ഇടക്കാല വിധി. ഇതിനെ തുടർന്ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ചുകൊണ്ട് കർണാടക സർക്കാർ ഉത്തരവിറക്കുകയായിരുന്നു. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ഇക്കാര്യത്തിൽ ഭിന്നവിധിയാണ് ഈയടുത്ത് പുറപ്പെടുവിച്ചത്. കേസിൽ ഇനിയും അന്തിമ തീർപ്പുവന്നിട്ടില്ല.

പാഠ്യപദ്ധതി സംഘിവത്കരണം

പാഠ്യപദ്ധതിയിൽ സംഘ്പരിവാർ വത്കരണം സജീവമായ വർഷമാണ് കടന്നുപോയത്. പത്താംക്ലാസ് കന്നഡ പാഠപുസ്തകത്തിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗെവാറിന്‍റെ പ്രസംഗം ഉൾപ്പെടുത്തുകയും സാമൂഹ്യപാഠം പുസ്തകത്തിൽനിന്ന് നവോത്ഥാന നായകരായ ശ്രീനാരായണഗുരു, പെരിയാർ തുടങ്ങിയവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇത് വൻവിവാദമായി. വിവിധ കോണുകളിൽനിന്ന് വൻ എതിർപ്പുണ്ടായി.

പ്രതിഷേധഭാഗമായി പുരോഗമന എഴുത്തുകാർ തങ്ങളുടെ രചനകൾ പാഠപുസ്തകങ്ങളിൽനിന്ന് പിൻവലിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കി. ഇതോടെ ചില തിരുത്തലുകൾ സർക്കാർ വരുത്തിയെങ്കിലും ഹെഡ്ഗെവാറിനെ സംബന്ധിച്ചുള്ള അധ്യായമടക്കം നീക്കിയിട്ടില്ല. സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആർ.എസ്.എസ് ആചാര്യൻ സവർക്കറുടെ ഫോട്ടോകൾ നിയമസഭയിൽ അടക്കം സ്ഥാപിക്കുകയാണിപ്പോൾ സർക്കാർ.

മതപരിവർത്തന നിരോധനനിയമം

സംസ്ഥാനത്ത് സെപ്റ്റംബർ 30നാണ് നിർബന്ധിത മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നത്. നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവ് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കൽ, നിർബന്ധിക്കൽ, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരാളെ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കും.

ഏതുതരത്തിലുള്ള മതംമാറ്റവും നിയമത്തിന് കീഴിൽ ആകുന്ന തരത്തിലാണ് നിയമത്തിലെ വ്യവസ്ഥകൾ. സമീപകാലത്ത് ക്രിസ്ത്യാനികൾക്തെിരെ വ്യാപകമായി നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുക്കുകയാണ് പൊലീസ്. ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ പോലും ഇതാണ് സ്ഥിതി.

വെറുപ്പും വിദ്വേഷവും

മുസ്‌ലിം വിഭാഗത്തിനെതിരെയുള്ള വിദ്വേഷ ആഹ്വാനങ്ങൾ തീവ്ര ഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്നു. മുസ്‌ലിം കച്ചവടക്കാരെ ക്ഷേത്രോത്സവങ്ങളിൽ വിലക്കാനും ഹലാൽ മാംസം ബഹിഷ്കരിക്കാനും മാമ്പഴ മാർക്കറ്റിൽ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്‌കരിക്കാനും മുസ്‌ലിം ശിൽപികൾ നിർമിക്കുന്ന ഹിന്ദുദേവതകളുടെ ശിൽപങ്ങൾ വാങ്ങരുതെന്നും ആഹ്വാനങ്ങളുയർന്നു.

പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനെതിരെ വൻകോലാഹലമാണ് ഉണ്ടായത്. ഹലാൽ മുദ്രയുള്ള ഭക്ഷണസാധനങ്ങൾക്കെതിരെയും വെറുപ്പ് കലർന്ന കുപ്രചാരണങ്ങൾ സജീവമാണ്. എന്നാൽ, ഭരണാധികാരികളാകട്ടെ നടപടി സ്വീകരിക്കുന്നുമില്ല.

Tags:    
News Summary - Karnataka: the past Unpromising year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.