ബി.എം. പാർവതി
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ നോട്ടീസ് നൽകി കർണാടക ഹൈകോടതി.
കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മൈസൂരു സ്വദേശിയായ പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എതിർകക്ഷികൾക്ക് പുതിയ നോട്ടീസ് അയക്കാനും ബെഞ്ച് ഉത്തരവിട്ടു.
ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നും ഭാര്യ പാർവതി രണ്ടും പ്രതികളാണ്. ഹരജിയിൽ നേരത്തേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നെങ്കിലും പ്രസ്തുത ഹരജിയെ എതിർത്ത് മുഖ്യമന്ത്രി ഹൈകോടതിയെ സമീപിക്കുകയും നടപടികളിൽ ഇടക്കാല സ്റ്റേ സമ്പാദിക്കുകയും ചെയ്തതോടെ നോട്ടീസ് നൽകിയിരുന്നില്ല. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് പുതിയ നോട്ടീസ് അയക്കാൻ ബെഞ്ച് നിർദേശിച്ചത്.
തന്നെ വിചാരണ ചെയ്യാൻ കർണാടക ഗവർണർ അനുമതി നൽകിയത് ചോദ്യംചെയ്തുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹരജി കേടതി പരിശോധിച്ചു. വീണ്ടും വാദം കേൾക്കുന്നതിനായി ഹരജി സെപ്റ്റംബർ നാലിലേക്ക് മാറ്റി. മൈസൂരു നഗര വികസന അതോറിറ്റിക്ക് കീഴിലുള്ള 14 പ്ലോട്ടുകൾ ചട്ടം ലംഘിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ പേരിൽ കൈമാറിയതായാണ് ആരോപണം. സംഭവം വിവാദമായതോടെ പ്രസ്തുത പ്ലോട്ടുകൾ പാർവതി അതോറിറ്റിക്ക് തന്നെ തിരിച്ചുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.