തമിഴ്നാട് പ്രതിനിധി സംഘം ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാനെത്തിയപ്പോൾ
ബംഗളൂരു: കേന്ദ്രസർക്കാറിന്റെ ലോക്സഭ സീറ്റുകളുടെ പരിധി നിർണയം എതിർക്കുന്ന തമിഴ്നാടിന്റെ ബഹുസംസ്ഥാന സഖ്യത്തിന് പിന്തുണ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച തമിഴ്നാട് വനം മന്ത്രി കെ. പൊൻമുടിയുമായും രാജ്യസഭാ എം.പി എം.എം. അബ്ദുല്ലയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ പിന്തുണ അറിയിച്ചത്.
ഈ വിഷയം ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നേരത്തേ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.സംസ്ഥാന താൽപര്യങ്ങളെ വ്രണപ്പെടുത്തുകയും ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന ഫെഡറലിസത്തിന് എതിരായ കേന്ദ്ര സർക്കാറിന്റെ ഏതൊരു നീക്കത്തെയും കർണാടക ഒരു മടിയും കൂടാതെ അപലപിക്കും-എക്സ് പോസ്റ്റിലൂടെ സിദ്ധരാമയ്യ കർണാടകയുടെ നിലപാട് അറിയിച്ചു.
തമിഴ്നാടിനെപ്പോലെ കർണാടകക്കും ഈ വിഷയത്തിൽ അതേ അഭിപ്രായമാണുള്ളത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുമായി സഹകരിച്ച് രൂപവത്കരിക്കുന്ന സംയുക്ത ആക്ഷൻ കമ്മിറ്റിയിൽ (ജെ.എ.സി) ചേരാൻ സിദ്ധരാമയ്യയെ പ്രതിനിധി സംഘം ക്ഷണിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പ്രതിനിധി സംഘം കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.