കേന്ദ്രസർക്കാറിന്റെ വിലക്കയറ്റ നയങ്ങൾക്കെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽനിന്ന്
ബംഗളൂരു: രാജ്യത്ത് വിലക്കയറ്റത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിന്റെ വിലക്കയറ്റ നയങ്ങൾക്കെതിരെ ബംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിനെതിരെ ബി.ജെ.പി കർണാടകയിൽ ജനാക്രോശ യാത്രയുമായി പ്രതിഷേധ പര്യടനം തുടരുന്നതിനിടെയാണ് മറുപടിയായി കേന്ദ്രത്തിനെതിരെ കോൺഗ്രസിന്റെ പ്രതിഷേധം.
അച്ഛാദിൻ (നല്ല ദിനങ്ങൾ) വരുമെന്ന് പറഞ്ഞാണ് 2014ൽ മോദി അധികാരത്തിൽ വരുന്നത്. ഇപ്പോഴുള്ള വിലക്കയറ്റം മോദിയുടെ അച്ഛാദിൻ വാഗ്ദാനമാണോ എന്ന് സിദ്ധരാമയ്യ ചോദിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിച്ചു. രാജ്യത്തെ വിലക്കയറ്റത്തിന് ഉത്തരവാദി നരേന്ദ്രമോദിയാണ്. അദ്ദേഹം പറഞ്ഞ ‘അച്ഛാദിൻ’ വന്നോയെന്ന് ജനം വിലയിരുത്തണമെന്നും സിദ്ധരാമയ്യ പറഞ്ഞു. 2014ൽ സ്വർണത്തിന് 10 ഗ്രാമിന് 28,000 രൂപയായിരുന്നു വില. ഇപ്പോഴത് 95,000 രൂപയാണ്. യു.പി.എ സർക്കാറിന്റെ കാലത്ത് ഒരു കിലോ വെള്ളിക്ക് 43,000 രൂപയായിരുന്നു. ഇപ്പോൾ 94,000 രൂപയായി. 2014ൽ ഒരു ചാക്ക് സിമന്റിന് 268 രൂപയായിരുന്നു. ഇപ്പോൾ 410 ആയി. ഒരു ടൺ സ്റ്റീലിന് 19,000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 73,000 രൂപയായി.
ഒരു യൂനിറ്റിന് 60 രൂപയായിരുന്ന പി.വി.സി പൈപ്പിന് ഇപ്പോൾ ഒരു യൂനിറ്റിന് 150 രൂപയായി. 2014ന് മുമ്പ് യു.എസ് ഡോളറിന് 59 രൂപയായിരുന്നു വില. ഇപ്പോൾ 87 ആയി. ഒരു യു.എസ് ഡോളറിന്റെ മൂല്യം ഒരു രൂപയുടേതിന് തുല്യമാക്കുമെന്ന വാഗ്ദാനവുമായാണ് മോദി വന്നത്. രാജ്യത്തെ പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിക്കുകയാണ് മോദി ചെയ്യുന്നതെന്നും സിദ്ധരാമയ്യ വിമർശിച്ചു.
വിലക്കയറ്റത്തിന് കാരണം കർണാടക സർക്കാറാണെന്ന മട്ടിലാണ് ബി.ജെ.പി സംസ്ഥാനത്ത് ജനാക്രോശ യാത്ര നടത്തുന്നത്. കേന്ദ്രത്തിൽ ഓരോ തവണ ബി.ജെ.പി അധികാരത്തിൽ വന്നപ്പോഴും വിലക്കയറ്റത്താൽ ജനങ്ങളെ പൊറുതിമുട്ടിക്കുകയായിരുന്നു. ബി.ജെ.പിക്കോ എൻ.ഡി.എ ഘടക കക്ഷിയായ ജെ.ഡി-എസിനോ വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ ധാർമികാവകാശമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.