ജഗദീഷ് ഷെട്ടാർ
ബംഗളൂരു: ബി.ജെ.പിയിൽ തന്നെ തഴഞ്ഞതിന് പിന്നിൽ ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷാണെന്ന ആരോപണവുമായി ജഗദീഷ് ഷെട്ടാർ. കോൺഗ്രസിൽ ചേർന്ന ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മണ്ഡലമായ ഹുബ്ബള്ളി-ധാർവാഡിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബി.എസ്. യെദിയൂരപ്പയുടെയും എച്ച്.എൻ. അനന്തകുമാറിന്റെയും നേതൃത്വത്തിന് കീഴിൽ വടക്കൻ കർണാടകയിൽ പാർട്ടിയെ വളർത്താൻ ഞാൻ എപ്പോഴും പ്രവർത്തിച്ചു.
എന്നെ ഇപ്പോൾ വിമർശിക്കുന്നവർ അവരുടെ മണ്ഡലം വിട്ട് പുറത്തു പ്രവർത്തിക്കാത്ത നേതാക്കളാണ്. ബി.ജെ.പിയിൽ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ എന്നെ വിളിച്ച് സീറ്റ് നൽകില്ലെന്ന് അറിയിച്ചു. അദ്ദേഹം ഒരു ഫോം അയക്കുമെന്നും അതിൽ ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. ആറുതവണ തെരെഞ്ഞടുപ്പ് ജയിച്ച എന്നെ ഒരു കുട്ടിയെപ്പോലെയാണ് അദ്ദേഹം കണ്ടത്. ഒരുപക്ഷേ, ബി.ജെ.പി വാഗ്ദാനം ചെയ്ത ഉയർന്ന പദവി നേരത്തേ അറിയിച്ചിരുന്നെങ്കിൽ സ്വീകരിച്ചേനെ. എന്റെ പേര് സ്ഥാനാർഥിപ്പട്ടികയിൽ അന്തിമ പരിഗണനക്കായി കേന്ദ്ര കമ്മിറ്റിക്ക് അയച്ചിരുന്നു. അവിടെ എന്ത് നടന്നുവെന്ന് എനിക്കറിയില്ല. എനിക്ക് ടിക്കറ്റ് നിഷേധിക്കാൻ പ്രധാന കാരണം ബി.എൽ. സന്തോഷാണ്. അവിടെ പാർട്ടിയല്ല വലുത്, വ്യക്തികളാണ്. ഒരു സീറ്റ് ഇളക്കാൻ ശ്രമിച്ചാൽ അത് പാർട്ടിയെയാണ് ഇളക്കുന്നത്. മൈസൂരുവിലെ കൃഷ്ണരാജ സീറ്റിൽ എം.എൽ.എ എസ്.എ. രാംദാസിന് സീറ്റ് നിഷേധിച്ചതിന് പിന്നിലും സന്തോഷാണ്. അവിടെ അദ്ദേഹത്തിന്റെ ബന്ധു ശ്രീവത്സയെയാണ് ബി.ജെ.പി നിർത്തിയിരിക്കുന്നത്. എന്നാൽ, രാംദാസ് മത്സരിച്ചാൽ ആ സീറ്റിൽ വിജയിക്കും’’ -ഷെട്ടാർ പറഞ്ഞു.
കോൺഗ്രസിൽ ചേർന്ന് ധാർവാഡിലേക്ക് തിരിച്ചെത്തിയ ഷെട്ടാറിന് അനുയായികൾ ഗംഭീര വരവേൽപ് നൽകിയിരുന്നു. ഷെട്ടാറിന്റെ ഭാര്യ കണ്ണീരോടെയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.