ബംഗളൂരു: കുടുംബനാഥകളായ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ സഹായം നൽകുന്ന സംസ്ഥാന സർക്കാറിന്റെ ‘ഗൃഹലക്ഷ്മി’ പദ്ധതി വൻഹിറ്റ്. സംസ്ഥാനത്തെ പകുതിയിലധികം വനിതകളും ഇതിനകം പദ്ധതിയിൽ അംഗങ്ങളായി. ഇതുവരെ കർണാടകയിലെ 55.18 ശതമാനം വനിതകൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്താകമാനം 1,28,54,607 സ്ത്രീകളിൽ 70,92,824 പേരും രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമുള്ള മൈസൂരു ജില്ലയിലാണ് രണ്ടാമത് ഏറ്റവും കൂടുതൽ സ്ത്രീകൾ പദ്ധതിയിൽ അംഗങ്ങളായിരിക്കുന്നത്. ബെളഗാവിയാണ് ഒന്നാമത്.
മൈസൂരുവിൽ 6,91,620 പേരിൽ 3,94,129 സ്ത്രീകളും ബെളഗാവിയിൽ 11,40,821 പേരിൽ 682329 സ്ത്രീകളും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബംഗളൂരു അർബനിൽ 2,71,516 പേരും റൂറലിൽ 1,90,089 പേരും അംഗങ്ങളായി. പദ്ധതി നടപ്പിലാക്കിയിട്ട് ഒരാഴ്ച പിന്നിട്ടപ്പോഴാണിത്. സമ്പന്നവീടുകളിലെ ഗൃഹനാഥകൾക്ക് ‘ഗൃഹലക്ഷ്മി’ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യം അനുവദിക്കില്ലെന്ന് ഉത്തരവുണ്ട്. ആദായ നികുതിയും ജി.എസ്.ടിയും ഫയൽ ചെയ്യുന്ന കുടുംബത്തിലെ ഗൃഹനാഥകൾ ഇതിന് അർഹതയില്ല.
ബി.പി.എൽ, എ.പി.എൽ കാർഡ് ഉടമകൾക്കായുള്ള ആനുകൂല്യം ആഗസ്റ്റ് 15 മുതലാണ് അവരവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചുതുടങ്ങുക.സർക്കാറിന്റെ സേവാസിന്ധു പോർട്ടലിലാണ് അപേക്ഷ നൽകേണ്ടത്. ആനുകൂല്യത്തിനായി തെറ്റായ വിവരങ്ങൾ നൽകിയാൽ കർശന നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.