മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂരിൽ ഗവ .മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി 300 കിടക്ക ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ തിങ്കളാഴ്ച ആരോഗ്യ വകുപ്പ് ഔദ്യോഗികമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഫയലുകൾ ആരോഗ്യ വകുപ്പിന്റെ കൈയിലായത് സെഡിയാപുവിലെ 40 ഏക്കർ സ്ഥലത്ത് 300 കിടക്കകളുള്ള നിർദിഷ്ട ആശുപത്രി നിർമിക്കുന്നതിനുള്ള നടപടികൾ വൈകാനിടയാക്കി.
മെഡിക്കൽ കോളജിനായി 300 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുന്നതിന് കുറഞ്ഞത് 20 ഏക്കർ ഭൂമി ആവശ്യമാണ്. രണ്ട് വ്യത്യസ്ത പ്ലോട്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ, അവക്കിടയിലുള്ള ദൂരം 10 കിലോമീറ്ററിൽ കൂടരുത്. ഓരോന്നിനും കുറഞ്ഞത് 10 ഏക്കർ ഉണ്ടായിരിക്കണം. നിലവിലുള്ള പുത്തൂർ താലൂക്ക് ആശുപത്രി 5.16 ഏക്കറിലാണ് പ്രവർത്തിക്കുന്നത്. പുതിയ ആശുപത്രിക്ക് 200 കോടി രൂപയാണ്
ചെലവ് കണക്കാക്കുന്നത്. നിലവിലുള്ള ആശുപത്രി ആരോഗ്യ വകുപ്പിന് കീഴിലായതിനാൽ അവിടെ നിർമാണം സാധ്യമായിരുന്നില്ല. ഫയൽ കൈമാറ്റത്തിലൂടെ സെഡിയപ്പുവിലെ 40 ഏക്കറിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് പുതിയ ആശുപത്രി നിർമിക്കാൻ വഴി തുറന്നു.പുത്തൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന നിലവിലെ താലൂക്ക് ആശുപത്രിയിൽ ദിവസവും ശരാശരി 500 ഔട്ട്പേഷ്യന്റ്സ് ചികിത്സ തേടുന്നുണ്ട്. ശരാശരി 70 ഓളം കിടത്തിച്ചികിത്സയാണ് ഇവിടെയുള്ളത്. മഴക്കാലം ഉൾപ്പെടെയുള്ള തിരക്കേറിയ സമയങ്ങളിൽ ഇത് 100 ആയി ഉയരാറുണ്ട്. പ്രതിമാസം ശരാശരി 90 ശസ്ത്രക്രിയകളും 100 പ്രസവങ്ങളും താലൂക്ക് ആശുപത്രിയിൽ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.