ബംഗളൂരു: ഐ.ടി മേഖലയിൽ തൊഴിൽ സമയം ഉയർത്താനുള്ള നീക്കം കർണാടക സർക്കാർ ഉപേക്ഷിച്ചു. കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐ.ടി-ഐ.ടി ഇതര മേഖലയിലെ പ്രവൃത്തി സമയം എട്ടു മണിക്കൂറില്‍നിന്ന് ഓവർടൈം അടക്കം 12 മണിക്കൂര്‍ ആയി ഉയർത്താനുള്ള നിര്‍ദേശമാണ് ഐ.ടി ജീവനക്കാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഐ.ടി/ഐ.ടി ഇതര മേഖലയിലെ പ്രവൃത്തി സമയം നിയമപരമായി നീട്ടുന്നതിനായി 1961 ലെ നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിട്ടുള്ള 2025ലെ കർണാടക ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് (ഭേദഗതി) ബില്ലിന്റെ ഭാഗമായിരുന്നു നിർദേശം.
അഡീഷനൽ ലേബർ കമീഷണർ ജി. മഞ്ജുനാഥുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിര്‍ദേശം പിന്‍വലിച്ചതായി കർണാടക സംസ്ഥാന ഐ.ടി/ഐ.ടി.ഇ.എസ് മേഖലയിലെ അംഗങ്ങളെ അറിയിച്ചു. ജൂൺ 18ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വിളിച്ചുചേർത്ത യോഗത്തിലാണ് ജോലി സമയം വർധിപ്പിക്കുന്നെന്ന നിര്‍ദേശം അവതരിപ്പിച്ചത്. നീക്കത്തെ കർണാടക സ്റ്റേറ്റ് ഐ.ടി/ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ എതിർത്തിരുന്നു. തൊഴിലാളികളുടെ സ്വകാര്യ ജീവിതത്തിനെതിരെയുള്ള കടന്നാക്രമണമാണെന്ന് യൂനിയൻ ആരോപിച്ചു.
ഒന്നര മാസമായി, ബംഗളൂരുവിലുടനീളമുള്ള ഐ.ടി പാർക്കുകളിലും, പൊതുറോഡുകളിലും, കമ്പനി ഓഫിസുകൾക്ക് പുറത്തും കെ.ഐ.ടി.യു നിർദിഷ്ട ബില്ലിനെതിരെ വ്യാപക പ്രതിഷേധങ്ങളും തുടർച്ചയായ പ്രചാരണങ്ങളും യൂനിയൻ സംഘടിപ്പിച്ചിരുന്നു. ഇതൊരു ചരിത്രനിമിഷമാണെന്നും തൊഴിലാളികൾ ഒന്നിക്കുമ്പോൾ, തൊഴിൽ സംരക്ഷണത്തെ ദുർബലപ്പെടുത്താനുള്ള ശക്തമായ ശ്രമങ്ങളെ പോലും പരാജയപ്പെടുത്താൻ കഴിയുമെന്നും കർണാടക സ്റ്റേറ്റ് ഐ.ടി/ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി സുഹാസ് അഡിഗ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.