'മണ്ണിനടിയിലായ വീടിനുള്ളിൽ നിന്നും കുട്ടിയുടെ കരച്ചിൽ, അവശിഷ്ടങ്ങൾ നീക്കിയപ്പോൾ കണ്ടത് രണ്ടു കുട്ടികളെ നെഞ്ചോട് ചേർത്ത അമ്മ, ഓക്സിജൻ നൽകി ഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ജീവൻ ബാക്കിയായത് അമ്മക്ക് മാത്രം'

മംഗളൂരു: വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നു പേരുടെ ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് ദക്ഷിണ കന്നട മഞ്ഞനാടി മൊണ്ടെപ്പഡ നിവാസികൾ. വെള്ളിയാഴ്ച പുലർച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരകുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാവ് അശ്വിനിയെ ഒൻപത് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിച്ചത്.

സംഭവത്തെ കുറിച്ച് പ്രദേശവാസികൾ പറയുന്നത് ഇങ്ങനെ:  "വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വീടിന് പിന്നിലുള്ള മാവ് വീടിന് മുകളിലേക്ക് വീണത്. പിന്നാലെ കുന്നും ഇടിഞ്ഞുവീണു. വീട്ടിൽ കാന്തപ്പ പൂജാരിയും ഭാര്യയും മകൻ സീതാറാമും ഭാര്യയും മക്കളുമാണുണ്ടായിരുന്നത്. ഇടിഞ്ഞുവീണതിനിടയിൽ എങ്ങനെയോ രക്ഷപ്പെട്ട സീതാറാമാണ് അയൽക്കാരെ വിവരമറിയിക്കുന്നത്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും വീട് പൂർണമായും മണ്ണ് വന്നുമൂടിയതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. അഗ്നിശമന സേനയും പൊലീസും എൻ.ഡി.ആർ.എഫും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. സീറാമിന്റെ അമ്മ പ്രേമയുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ഭർത്താവ് കാന്തപ്പ പൂജാരിയെ പരിക്കുകളോടെ രക്ഷിച്ചു.

ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ സീതാറാമിന്റെ ഭാര്യ അശ്വിനിയും രണ്ടും മൂന്നും വയസുള്ള കുട്ടികളും കുടുങ്ങിപോയി. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തർ ഇവിടെയുള്ള മണ്ണും മറ്റും എടുത്തുമാറ്റുന്നത്. അപ്പോൾ കണ്ടകാഴ്ച, അശ്വിനി രണ്ടു മക്കളെ നെഞ്ചോട് ചേർത്ത നിലയിലായിരുന്നു. തുടർന്ന്, ഓക്സിജൻ ഉൾപ്പെടെ നൽകി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ രക്ഷാപ്രവർത്തകർ നടത്തി. ഒൻപത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂത്ത കുട്ടി ആര്യനെ പുറത്തെടുത്തു. എന്നാൽ ജീവൻ നിലച്ചിരുന്നു. പിന്നാട് അശ്വിനിയെയും രണ്ടാമത്തെ കുട്ടി ആയുഷിനെയും പുറത്തെത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയിൽ ആയുഷും മരിച്ചു. മാതാവ് അശ്വിനി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സിയിലാണ്." 

അപകടത്തിൽ മരിച്ച പ്രേമ, ചികിത്സയിൽ കഴിയുന്ന അശ്വിനി

വ്യാഴാഴ്ച രാത്രിയുണ്ടായ മറ്റൊരു അപകടത്തിൽ പത്തു വയസ്സുകാരി മരിച്ചു. ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണാണ് നൗഷാദിന്റെ മകൾ ഫാത്തിമ മരിച്ചത്.

വീടിന് പിന്നിലുള്ള കുന്നിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    
News Summary - Four people died after a hill fell on top of their house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.