ബംഗളൂരു: മാറിക്കയറിയ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണുമരിച്ച യാത്രക്കാരിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക ഹൈകോടതി വിധി. 2014 ഫെബ്രുവരിയിലാണ് മൈസൂരു അശോകപുരം സ്വദേശി കെ. ജയമ്മ (47) അപകടത്തിൽപെട്ടത്. ജയമ്മയും സഹോദരി രത്നമ്മയും തിരുപ്പതി പാസഞ്ചർ ട്രെയിനിന് പകരം തൂത്തുക്കുടി എക്സ്പ്രസിലാണ് കയറിയത്. അബദ്ധം മനസ്സിലാക്കി ഇറങ്ങുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. പ്ലാറ്റ്ഫോമിൽ വീണ് പരിക്കേറ്റതിനെത്തുടർന്ന് മരിച്ചു. നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ റെയിൽവേ ട്രൈബ്യൂണൽ തള്ളി.
അപായച്ചങ്ങല വലിക്കുക, അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറിക്കയറുക തുടങ്ങിയ മാർഗങ്ങളാണ് യാത്രക്കാരി സ്വീകരിക്കേണ്ടത് എന്നായിരുന്നു റെയിൽവേയുടെ വാദം. ഇന്ത്യൻ റെയിൽവേ നിയമം 124 എ പ്രകാരം ജയമ്മയുടേത് സ്വയം വരുത്തിവെച്ച അപായമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.പി. സന്ദേശ് റെയിൽവേ വാദം തള്ളി. സാധാരണ യാത്രക്കാരിയായ ജയമ്മക്കുണ്ടായ ദുരന്തം അനിഷ്ട സംഭവമാണെന്ന് സമാന അപായങ്ങളിലെ സുപ്രീംകോടതി വിധി അവലംബിച്ച് ജസ്റ്റിസ് നിരീക്ഷിച്ചു. നാല് ലക്ഷം രൂപ നഷ്ടപരിഹാരവും ഇത്രയും വർഷത്തേക്ക് ഏഴ് ശതമാനം പലിശയും ചേർത്ത് എട്ട് ലക്ഷം രൂപ ജയമ്മയുടെ കുടുംബത്തിന് റെയിൽവേ നൽകണം എന്ന് ജസ്റ്റിസ് സന്ദേശ് ഉത്തരവിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.