അമ്മയെ തേടി അലയുന്ന ആനക്കുട്ടി നാഗർഹോളെ സങ്കേതത്തിന് സമീപമെത്തിയപ്പോൾ
ബംഗളൂരു: മൂന്നു മാസം പ്രായമുള്ള പെൺ ആനക്കുട്ടിയെ അമ്മക്കരികിലെത്തിക്കാൻ കർണാടക, കേരള വനം വകുപ്പ് ജീവനക്കാർ സംയുക്ത ശ്രമങ്ങൾ നടത്താൻ തീരുമാനിച്ചു. അമ്മയിൽനിന്ന് വേർപെട്ട ആനക്കുട്ടി കേരളത്തിലെ സുൽത്താൻ ബത്തേരിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു ദിവസത്തിനുശേഷം കർണാടകയിലെ നാഗർഹോളെ കടുവ സങ്കേതത്തിൽ വീണ്ടും കണ്ടെത്തി.
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലെ പുൽപ്പള്ളിയിലുള്ള ഒരു സർക്കാർ സ്കൂൾ വളപ്പിൽ നാലു ദിവസം മുമ്പ് ആനക്കുട്ടി കയറിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച കേരള അതിർത്തിയിലെ കരകവിഞ്ഞ കബനി നദി മുറിച്ചുകടന്ന് നാഗർഹോളെ കടുവ സങ്കേതത്തിലെ ഡിബി കുപ്പെ റേഞ്ചിൽ കടഗഡ്ഡെക്ക് സമീപം ആനക്കുട്ടിയെ കണ്ടെത്തി. വിശന്ന് അവശനിലയിലായിരുന്ന ആനക്കുട്ടിക്ക് വനം ജീവനക്കാർ ഭക്ഷണം നൽകി.
പശുവിൻ പാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ വെറ്ററിനറി സർജൻമാരുടെ ഉപദേശപ്രകാരം, ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ആദിവാസി ഗ്രാമങ്ങളിൽനിന്നും ആട്ടിൻ പാൽ ശേഖരിച്ച് നൽകി. അമ്മയാന തന്റെ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ വരുമെന്ന് പ്രതീക്ഷിച്ച് വനം ജീവനക്കാർ രാത്രി മുഴുവൻ ആനക്കുട്ടിക്കൊപ്പം കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല. അമ്മ ആന വരാത്തതിനാൽ അന്തരസന്തെ ഫോറസ്റ്റ് അസി. കൺസർവേറ്റർ (എസി.എഫ്) മധു വയനാട് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ (ഡി.സി.എഫ്) വരുണിനെയും എ.സി.എഫ് അജിത്തിനെയും ബന്ധപ്പെട്ട് ആനക്കുട്ടിയെക്കുറിച്ച് അറിയിച്ചു.
ആനക്കുട്ടിക്ക് മൂന്ന് മാസം മാത്രമേ പ്രായമായിട്ടുള്ളൂവെന്നും അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും എ.സി.എഫ് മധു നിർദേശിച്ചു. അതേസമയം, അമ്മ ആനയെ കണ്ടെത്തുന്നതിനും ആനക്കുട്ടിയെ അതിനൊപ്പം ഒന്നിപ്പിക്കുന്നതിനുമായി സംയുക്ത തിരച്ചിൽ നടത്താൻ കർണാടക, കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചു ആഗസ്റ്റ് 19 ന് പുൽപ്പള്ളിക്കടുത്തുള്ള വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചു. സംശയിക്കപ്പെടുന്ന അമ്മ ആനയെ കണ്ടാൽ ആനക്കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കാൻ ആനക്കുട്ടിയെ അതിനടുത്തേക്ക് കൊണ്ടുപോകും. മുതിർന്ന ആന കുട്ടിയാനയോട് വാത്സല്യം കാണിച്ചാൽ വനം ജീവനക്കാർക്ക് ആശ്വാസം തോന്നും, അല്ലെങ്കിൽ അവർ കുട്ടിയാനയെ പരിപാലിക്കാൻ തീരുമാനിച്ചു.
അതിനിടെ, കേരളത്തിലെ ഒരു ആദിവാസി ഗ്രാമത്തിന് സമീപം ഒരു പെൺ ആന കരയുന്നത് കണ്ടെത്തിയതായി പ്രദേശവാസികൾ വനംവകുപ്പ് ജീവനക്കാരെ അറിയിച്ചു. തുടർന്ന്, ആ പ്രദേശത്ത് തിരച്ചിൽ നടത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.