ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാർ, സഹോദരനും എം.പിയുമായ ഡി.കെ. സുരേഷ് എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) പുതിയ സമൻസ്. തിങ്കളാഴ്ച ഇരുവരോടും ഇ.ഡിക്ക് മുന്നിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് അറിയിപ്പ്. ഞായറാഴ്ച ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ ബംഗളൂരുവിൽ നടക്കുന്ന പരിപാടിയുടെ തിരക്കിലാണ് താനെന്നും ഇ.ഡി സമൻസ് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും ശിവകുമാർ പറഞ്ഞു.
നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ മുമ്പും ഇരുവർക്കും ഇ.ഡി സമൻസ് അയച്ചിരുന്നു. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗങ്ങളായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ.ഡി അന്വേഷിക്കുന്നത്.
2018ലാണ് ശിവകുമാറിന്‍റെ പേരിൽ ഇ.ഡി ആദ്യം കേസെടുത്തത്. 2017ൽ ആദായനികുതി വകുപ്പ് അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത എട്ടരക്കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. 2019ൽ ഇ.ഡി. ശിവകുമാറിനെ അറസ്റ്റ് ചെയ്തു.
50 ദിവസം തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ആ കേസിൽ കഴിഞ്ഞ മേയിൽ ഇ.ഡി ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ശിവകുമാർ പറയുന്നത്. സ്വത്ത് സംബന്ധിച്ച എല്ലാ രേഖകളും തെരഞ്ഞെടുപ്പ് കമീഷൻ, എൻഫാഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐ.ടി വകുപ്പ് എന്നിവർക്ക് മുമ്പ് നൽകിയതാണ്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.