അറസ്റ്റിലായവർ
മംഗളൂരു: ദേശവിരുദ്ധ പ്രസ്താവനകൾ അടങ്ങിയ വിഡിയോ പകർത്താൻ കുടിയേറ്റ തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകനെ നിർബന്ധിച്ച സംഭവവുമായി ബന്ധപ്പെട്ട്രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കെ. ശശാങ്ക്(32), വി. പ്രമോദ് (29) എന്നിവരെയാണ് കുന്താപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളിയുടെ മകനെ മൊബൈൽ ഫോണിൽ റെക്കോർഡു ചെയ്യുന്നതിനിടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്താൻ പ്രതികൾ നിർബന്ധിച്ചു. സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ പിന്നീട് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചു.
ആൺകുട്ടിയുടെ പിതാവ് ഔപചാരികമായി പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് ഉടൻ കേസെടുത്ത് പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.ശശാങ്ക്, അജ്ഞാത സംഘം തന്നെ ആക്രമിച്ചതായി ആരോപിച്ച് കുന്താപുരം പൊലീസ് സ്റ്റേഷനിൽ എതിർ പരാതി നൽകി. ഈ അവകാശവാദം നിലവിൽ അന്വേഷണത്തിലാണ്. ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ, മുകളിൽ പറഞ്ഞ വിഡിയോയുടെ പ്രചാരണം സംബന്ധിച്ച് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി ശങ്കർ സ്ഥിരീകരിച്ചു.
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വിഡിയോ പങ്കിടുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട്, ജുവനൈൽ ജസ്റ്റിസ് (ജെ.ജെ) ആക്ട്, മറ്റ് പ്രസക്തമായ നിയമ വ്യവസ്ഥകൾ എന്നിവ പ്രകാരം കർശനമായ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.