മയക്കുമരുന്ന് വിൽപന ; അഞ്ച് പേർക്ക് 12-14 വർഷം കഠിനതടവും ഏഴ് ലക്ഷം പിഴയും

മംഗളൂരു: നഗരത്തിലെ വിദ്യാർഥികൾക്ക് എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പ്രതികൾക്ക് എൻ.ഡി.പി.എസ് ആക്ട് പ്രകാരം മംഗളൂരു ജില്ല സെഷൻസ് കോടതി 12 മുതൽ 14 വർഷം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. ഏഴ് ലക്ഷം രൂപ പിഴയും അടക്കണം.

ബംഗളൂരു വർത്തൂർ ഗുണ്ടൂർ പാല്യയിൽനിന്നുള്ള ലുവൽ ഡാനിയേൽ ജസ്റ്റിൻ ബൗലോ എന്ന ഡാനി (34), കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് മീസ് എന്ന മുഹമ്മദ് റമീസ് (33), ബംഗളൂരു മടിവാള സ്വദേശിനി ചിഞ്ചു എന്ന സബിത (26), കാസർകോട് കുന്നിൽ സ്വദേശി മൊയ്തീൻ (29), കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ റഹൂഫ് (30) എന്നിവർക്കാണ് ശിക്ഷ.

എൻ.ഡി.പി.എസ് നിയമത്തിലെ സെക്ഷൻ 21, 21 (സി), 27 (ബി) എന്നിവ പ്രകാരം ഡാനിക്ക് 12 വർഷവും ആറ് മാസവും കഠിനതടവും 1,35,000 രൂപ പിഴയും വിധിച്ചു. 14 വർഷവും ആറ് മാസവും തടവും 1,55,000 രൂപ പിഴയുമാണ് റമീസിന് ലഭിച്ചത്. മൊയ്തീൻ റഷീദിന് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും വിധിച്ചു. അബ്ദുൾ റഹൂഫിന് 13 വർഷവും ആറ് മാസവും തടവും 1,45,000 രൂപ പിഴയും വിധിച്ചു. ചിഞ്ചു എന്ന സബിതക്ക് 12 വർഷവും ആറ് മാസവും തടവും 1,35,000 രൂപ പിഴയും വിധിച്ചു.

2022 ജൂൺ ആറിന് മംഗളൂരു സി.സി.ബി പൊലീസ് ഇൻസ്‌പെക്ടറും സംഘവും റെയ്ഡ് ചെയ്ത് വിദ്യാർഥികൾക്ക് എം.ഡി.എം.എ വിൽക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ 125 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ടശേഷം പ്രിൻസിപ്പൽ ജില്ല- സെഷൻസ് ജഡ്ജി എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തി. പബ്ലിക് പ്രോസിക്യൂട്ടർ ജൂഡിത്ത് മംഗളൂരു എൻ.ഡി.പി.എസ് സ്പെഷൽ കോടതിയിൽ സർക്കാറിനെ പ്രതിനിധാനം ചെയ്തു.

Tags:    
News Summary - drug deal, police arrested accused people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.