ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് ബംഗളൂരു പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ സംസാരിക്കുന്നു
ബംഗളൂരു: കർണാടകയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ധർമസ്ഥലയിൽ നിരവധി പെൺകുട്ടികൾക്കുനേരെ ബലാത്സംഗവും കൊലപാതകവും കുഴിച്ചുമൂടലും നടന്നതായ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജ് ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ കൂട്ടായ്മ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ താൻ നിർബന്ധിതനായെന്നായിരുന്നു 20 വർഷത്തോളം ധർമസ്ഥലയിൽ ജോലിചെയ്ത ദലിത് ജീവനക്കാരന്റെ വെളിപ്പെടുത്തൽ.
സാക്ഷിയായ ജീവനക്കാരൻ ഭാരതീയ ന്യായ് സംഹിതയിലെ 183 വകുപ്പു പ്രകാരം മജിസ്ട്രേറ്റിനുമുന്നിൽ മൊഴിനൽകുകയും കുറ്റകൃത്യങ്ങൾക്ക് കാരണക്കാരായവരുടെ പേരുകൾ മൊഴിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. കുഴിച്ചിട്ടെന്ന് പറയപ്പെടുന്ന മൃതദേഹങ്ങളിലൊന്നിന്റെ അവശിഷ്ടങ്ങളും ഇയാൾ പുറത്തെടുത്തിരുന്നു. എന്നാൽ, അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് ജസ്റ്റിസ് വി. ഗോപാല ഗൗഡ ചൂണ്ടിക്കാട്ടി.
സത്യം വെളിച്ചത്തുകൊണ്ടുവരാൻ ആവശ്യമായ അന്വേഷണം നടക്കേണ്ടതുണ്ട്. 1995 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഇയാൾ ധർമസ്ഥലയിൽ ജോലി ചെയ്തിരുന്നത്. ഈ കാലയളവിൽ താൻ സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായെന്നും അവയിൽ ലൈംഗികാതിക്രമത്തിന്റെ അടയാളങ്ങളുണ്ടായിരുന്നെന്നും ജൂലൈ മൂന്നിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തുന്നുണ്ട്.
അടുത്തിടെ ധർമസ്ഥലയിലെത്തി ഒരു മൃതദേഹാവശിഷ്ടം കുഴിച്ചെടുക്കുകയും അതിന്റെ ഫോട്ടോയടക്കം അധികൃതർക്ക് കൈമാറുകയും ചെയ്തതായി ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവരെ കുഴിച്ചിട്ട സ്ഥലം കാണിച്ചു നൽകാമെന്നും ഇയാൾ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിനായി ജുഡീഷ്യൽ നിരീക്ഷണത്തിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എസ്.ഐ.ടി രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് വി. ഗോപാല ഗൗഡ ആവശ്യപ്പെട്ടു.
കേസിലെ അന്വേഷണ നടപടികൾ പൂർണമായി വിഡിയോയിൽ പകർത്തണമെന്നും ഡി.എൻ.എ പരിശോധനയും ഡിജിറ്റൽ ഫോറൻസിക് സഹായവും ലഭ്യമാക്കണമെന്നും പ്രതികളെന്ന് സംശയിക്കുന്നവരെ ഉടൻ ചോദ്യം ചെയ്യലിന് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു.
തങ്ങളുടെ നിവേദനത്തോട് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുകൂലമായി പ്രതികരിച്ചതായും അദ്ദേഹം പറഞ്ഞു. ബംഗളൂരു പ്രസ് ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ മുതിർന്ന അഭിഭാഷകരായ ഡോ. സി.എസ്. ദ്വാരകനാഥ്, ഉമാപതി, സുധ കത്വ, സാമൂഹിക പ്രവർത്തകനായ ടി. നരസിംഹമൂർത്തി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.