മംഗളൂരു: ധർമസ്ഥലയിൽ നൂറിലേറെ സ്ത്രീകൾ പീഡനത്തിനിരയായി കൊല്ലപ്പെടുകയും അനധികൃതമായി സംസ്കരിക്കപ്പെടുകയും ചെയ്തതായ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ തെളിവെടുപ്പ് പുരോഗമിക്കവെ, മറ്റൊരു സാക്ഷികൂടി പരാതിയുമായി രംഗത്ത്.
15 വർഷം മുമ്പ് 13നും15നും ഇടയിൽ പ്രായമുള്ള പെൺകുട്ടിയുടെ ജീർണിച്ചുതുടങ്ങിയ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നതായും ഇത് പോസ്റ്റ്മോർട്ടം നടത്താതെ മറമാടപ്പെട്ടതായും സാക്ഷിയായി രംഗത്തുവന്ന ദക്ഷിണ കന്നട പുത്തൂർ ഇച്ചിലംപാടി സ്വദേശി ടി. ജയന്ത് വെളിപ്പെടുത്തി. ശനിയാഴ്ച ബെൽത്തങ്ങാടിയിലെ എസ്.ഐ.ടി ഓഫിസിലെത്തിയാണ് ഇയാൾ പരാതി നൽകിയത്.
വിശദമായ പരാതി തിങ്കളാഴ്ച സമർപ്പിക്കാൻ ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൗമാരക്കാരിയുടെ മൃതദേഹം കണ്ടെതിയതിൽ താൻ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പരാതി നൽകി ഒരാഴ്ചക്കുശേഷം മൃതദേഹം അനധികൃതമായി സംസ്കരിച്ചതായും ജയന്ത് പറഞ്ഞു. ആരാണ് കൊലപാതകം നടത്തിയതെന്നറിയില്ല. എന്നാൽ, മൃതദേഹം കുഴിച്ചിട്ട സ്ഥലം തനിക്കറിയാം.
അതു ഞാൻ എസ്.ഐ.ടിക്ക് കാണിച്ചുകൊടുക്കാൻ തയാറാണ്. ഇത്രയും കാലം പേടികൊണ്ടാണ് ഒന്നും പുറത്ത് പറയാതിരുന്നതെന്നും സ്വന്തം മരുമകൾ പത്മലതക്ക് സംഭവിച്ച ദുരന്തവേളയിൽപോലും പേടി കാരണം ഒന്നും പറഞ്ഞിരുന്നില്ല. എസ്.ഐ.ടിയിൽ വിശ്വാസമുള്ളതുകൊണ്ടാണ് സാക്ഷിയാവാൻ തയാറായതെന്നും ജയന്ത് പറഞ്ഞു. മറ്റു നാലോ അഞ്ചോ പേർകൂടി ഇത്തരത്തിൽ മുന്നോട്ടുവരാൻ തയാറാണെന്നും ജയന്ത് പറഞ്ഞു.
അതേസമയം, കൂട്ട സംസ്കാരം നടത്തിയതായി പറയപ്പെടുന്ന ഇടങ്ങളിൽ എസ്.ഐ.ടി നടത്തുന്ന മണ്ണുനീക്കി പരിശോധന തിങ്കളാഴ്ച പുനരാരംഭിക്കും. പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയ ഇടങ്ങളിൽ 10 ഭാഗത്താണ് ശനിയാഴ്ചവരെ പരിശോധന നടന്നത്. ഇതിൽ ആറാമത്തെ ഭാഗത്തുനിന്ന് ഏതാനും അസ്ഥി കഷണങ്ങൾ ലഭിച്ചിരുന്നു. ഇവ വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ധർമസ്ഥലയിൽ റഡാർ പരിശോധന വേണമെന്ന് ആവശ്യം
ബംഗളൂരു: ധർമസ്ഥലയിൽ നടന്നതായി പറയപ്പെടുന്ന കൂട്ട പീഡനവും കൂട്ട സംസ്കാരവും സംബന്ധിച്ച വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ) ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം. ധർമസ്ഥലയിൽ കാണാതായ വിദ്യാർഥിനി അനന്യ ഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകൻ എൻ. മഞ്ജുനാഥാണ് എസ്.ഐ.ടി മുമ്പാകെ ഈ ആവശ്യമുന്നയിച്ചത്.
പരാതിക്കാരൻ ചൂണ്ടിക്കാണിച്ച ഇടങ്ങളിൽ പത്ത് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ചില അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. 2014ൽ പരാതിക്കാരൻ ധർമസ്ഥല വിട്ടതാണ്. ഉയർന്ന തോതിൽ മഴ ലഭിക്കുന്ന ധർമസ്ഥല മേഖലയിൽ മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനുമടക്കമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ വനമേഖലയിൽ ഇത്തരത്തിൽ മാറ്റം സംഭവിച്ചിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ആധുനികമായ ഫോറൻസിക് സഹായത്തോടെ തെരച്ചിൽ നടത്തേണ്ടതുണ്ടെന്നും നിലവിൽ തെരച്ചിൽ നടത്തിയ സ്ഥലങ്ങളിലും ചുറ്റുപാടുകളിലും അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്താൻ ജി.പി.ആർ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.