മംഗളൂരു: പ്രവാചകൻ മുഹമ്മദിനെയും ഭാര്യ ആയിശയെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഫേസ്ബുക്ക് വാർത്ത റിപ്പോർട്ടിന്റെ കമന്റ് വിഭാഗത്തിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മംഗളൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കന്നട പത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ വാർത്തയോടാണ് വിദ്വേഷ പരാമർശം. ‘ബെൽത്തങ്ങാടി ബംഗ്ലേ ഗുഡ്ഡെ വനത്തിൽ എസ്.ഐ.ടി തിരച്ചിൽ തുടരുന്നു; രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന് രണ്ട് ഉപയോക്താക്കളിൽനിന്ന് അധിക്ഷേപകരമായ പ്രതികരണങ്ങൾ ലഭിച്ചു.
സനാതനി സിംഹ എന്ന അക്കൗണ്ടിൽ പ്രവർത്തിക്കുന്ന ഉപയോക്താവാണ് വിവാദമായ പരാമർശം നടത്തിയത്. ഇതിനെത്തുടർന്ന് ചേതൻ ഹോഡ്ഡെറ്റി എന്ന മറ്റൊരു ഉപയോക്താവ് സമാനമായ അഭിപ്രായം ആവർത്തിച്ചു. ഈ പരാമർശങ്ങൾ മതപരമായ അപമാനം, അസ്വസ്ഥത സൃഷ്ടിക്കാനുള്ള ശ്രമം, വർഗീയ കലാപം പ്രോത്സാഹിപ്പിക്കാനുള്ള ഗൂഢാലോചന എന്നിവയാണെന്ന് ആരോപിച്ച് എസ്.ഡി.പി.ഐ ബെൽത്തങ്ങാടി മണ്ഡലം പ്രസിഡന്റ് അക്ബർ ബെൽത്തങ്ങാടിയാണ് ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാമർശങ്ങൾക്ക് ഉത്തരവാദികളായവരെയും അവരെ പിന്തുണക്കുന്നവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.