മംഗളൂരു: ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ശ്രീരാമനെയും നരേന്ദ്ര മോദിയെയും അധിക്ഷേപിക്കുന്ന പരാമർശം നടത്തിയെന്ന ബി.ജെ.പി ആരോപണത്തിന്റെ ചുവടുപിടിച്ച് അധ്യാപികയെ സസ്പെൻഡ് ചെയ്ത ദക്ഷിണ കന്നട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. രാമചന്ദ്ര നായ്കിനെ ബെളഗാവിയിലേക്കു മാറ്റി. മംഗളൂരു ജെറോസ സ്കൂൾ അധ്യാപിക സിസ്റ്റർ പ്രഭക്കെതിരെയാണ് ക്രിസ്ത്യൻ മാനേജ്മെന്റിന്റെ ശിപാർശയെത്തുടർന്ന് ഡി.ഡി.പി.ഐ നടപടി സ്വീകരിച്ചത്.
വസ്തുതക്ക് നിരക്കാത്ത ആരോപണമാണ് അധ്യാപികക്കെതിരെ ഉന്നയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ബെളഗാവി ഗവ. ടീച്ചേഴ്സ് കോളജിൽ അധ്യാപകനായാണ് നായ്കിനെ ഉടൻ പ്രാബല്യത്തോടെ സ്ഥലംമാറ്റിയത്. കലബുറഗി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിങ്) വെങ്കിടേഷ് സുബ്രായ പടഗരയെ ദക്ഷിണ കന്നട ഡി.ഡി.പി.ഐയായി നിയമിച്ചു.
കർമമാണ് ആരാധന എന്ന വിഷയത്തിൽ നടത്തിയ ക്ലാസിൽ അയോധ്യയിലെ രാമക്ഷേത്രവും രാമനും മോദിയും പരാമർശിച്ചു എന്നായിരുന്നു സസ്പെൻഷന് വിധേയയായ അധ്യാപികക്കെതിരെ ബി.ജെ.പി ഉന്നയിച്ച ആക്ഷേപം. മംഗളൂരു സൗത്ത് എം.എൽ.എയും ബി.ജെ.പി നേതാവുമായ വേദവ്യാസ് കാമത്ത് സ്കൂളിലെത്തി അധികൃതരെ താക്കീത് ചെയ്തിരുന്നു.
ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിളൻ, ജില്ല വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവരും സ്കൂൾ സന്ദർശിച്ചിരുന്നു.
അതേസമയം, സിസ്റ്റർ പ്രഭക്കെതിരെ മംഗളൂരു സൗത്ത് എം.എൽ.എയും ബി.ജെ.പി നേതാവുമായ വേദവ്യാസ് കാമത്താണ് വിദ്യാർഥികളെ ഇളക്കിവിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ സ്കൂൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.