രാജ്യാതിര്‍ത്തി സംരക്ഷിക്കുന്ന സൈനികരെ പോലെയാണ് സംസ്ഥാനത്തിൽ പൊലീസ്; ഉ​ദ്യോ​ഗ​സ്ഥ​ർക്ക് മുന്നറിയിപ്പുമായി മു​ഖ്യ​മ​ന്ത്രി

ബംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്നും ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. വിധാൻ സൗധയിൽ ജില്ല പൊലീസ് യൂനിറ്റുകൾക്കായി 32 അത്യാധുനിക മൊബൈൽ ഫോറൻസിക് വാനുകളും 75 ബൊലേറോ വാഹനങ്ങളുടെയും ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യാതിര്‍ത്തി സംരക്ഷിക്കുന്ന സൈനികരെ പോലെയാണ് സംസ്ഥാനത്തിൽ പൊലീസ്. ഇവര്‍ കാരണമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നത്. കഴിവുകളേക്കാൾ ദൃഢനിശ്ചയം മുന്നിട്ടു നില്‍ക്കുമ്പോഴാണ് വിജയം കൈവരുന്നത്. കഴിഞ്ഞ വർഷം പൊലീസ് 375 കോടിൃയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് ശൃംഖലയെ പിടികൂടിയ പൊലീസ് സംഘത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ദൗത്യത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. 1,500 മയക്കുമരുന്ന് വിൽപനക്കാരെ വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് സുപ്രധാന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ പൗരനും പൊലീസ് വകുപ്പിനോട് വിശ്വാസവും ബഹുമാനവും പുലര്‍ത്തണം. പൊലീസ് വകുപ്പിന്‍റെ വിജയം സർക്കാറിന്‍റെ വിജയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ചർച്ച ചെയ്യാൻ കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പരാമർശിച്ച ശിവകുമാർ മയക്കുമരുന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രിക്ക് ഉറപ്പ് നൽകിയതായി പറഞ്ഞു. രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ പൊലീസ് വകുപ്പുകളിൽ ഒന്നായി കര്‍ണാടക പൊലീസ് വകുപ്പ് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഉദ്യോഗസ്ഥരുടെ കഠിനാധ്വാനം, സമർപ്പണം, കാര്യക്ഷമത എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പൊലീസ് സേനയുടെ സേവനത്തില്‍ സര്‍ക്കാറും പങ്കാളികളാകും. നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പോലും മനോവീര്യം നഷ്ടപ്പെടാതെ നില്‍ക്കാന്‍ സർക്കാർ എല്ലാ വിധ സഹായങ്ങളും നല്‍കും. നിലവില്‍ കുറ്റകൃത്യങ്ങൾ വിവിധ രൂപത്തിലാണ് നടക്കുന്നത്.

കൃത്രിമബുദ്ധിയുടെ ആവിർഭാവത്തോടെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകളിൽ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ ശിവകുമാർ പ്രതിരോധ നടപടി എന്ന നിലയില്‍ യായി കർണാടക ഹിന്ദു മത സ്ഥാപനങ്ങള്‍, ചാരിറ്റബിൾ എൻഡോവ്‌മെന്‍റുകള്‍ എനീ വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സംഭാവനപ്പെട്ടികൾ തുറക്കുന്നത് മുതൽ പണം എണ്ണുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി.

കൂടാതെ പണം ബാങ്കിൽ നിക്ഷേപിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയയും പ്രാദേശിക നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ വിഡിയോയിൽ റെക്കോഡ് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കും. പൊലീസ് നിയമനങ്ങളിൽ സുതാര്യത വേണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കൈക്കൂലി നൽകി ആരും സർക്കാർ ജോലി നേടരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യോഗ്യത മാത്രമാണ് നിയമനങ്ങൾക്ക് അടിസ്ഥാനമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സത്യസന്ധതയോടും ഉത്തരവാദിത്തത്തോടും കൂടി നിങ്ങളുടെ കടമകൾ നിർവഹിക്കണമെന്നും സർക്കാർ കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Chief Minister warns police officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.