വൻ ലഹരിവേട്ട: 60.86 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ച് വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബംഗളൂരു: അന്താരാഷ്ട്ര ലഹരി കടത്ത് ശൃംഖലയിലെ എട്ട് പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.ഇതിൽ അഞ്ച് പേർ വിദേശ പൗരന്മാരാണെന്ന് ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു. 60.86 കോടി രൂപ വിപണി വിലവരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിൽ നിന്ന് 29 കിലോ എം.ഡി.എം.എ, 20 ഗ്രാം കൊക്കെയ്ൻ, 1000 ലഹരി ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഹെബ്ബാൾ പൊലീസ് സ്റ്റേഷൻ സിസിബി ലഹരി വിരുദ്ധ വിഭാഗം, ഗിരിനഗർ പൊലീസ് സ്റ്റേഷൻ എന്നിവ ചേർന്നാണ് എൻഡിപിഎസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ ഓപറേഷൻ നടത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഹെബ്ബാൾ പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപവത്കരിച്ചതായി പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു .

ന്യൂഡൽഹിയിൽ താമസിക്കുന്ന നൈജീരിയൻ പൗരൻ, ബംഗളൂരുവിൽ താമസിക്കുന്ന മണിപ്പൂരിൽ നിന്നുള്ള ഒരു സ്ത്രീ, രണ്ട് താമസക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം നിന്ന് 17.282 കിലോ എം.ഡി.എം.എ പിടിച്ചെടുത്തു, ഇതിന് ഏകദേശം 34.56 കോടി രൂപ വിപണി വിലവരും.

ഒരു പ്രത്യേക ഓപറേഷനിൽ, സിസിബി ആന്റി-നാർക്കോട്ടിക്സ് വിഭാഗം മൂന്ന് എൻ‌.ഡി.‌പി.‌എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് നൈജീരിയക്കാരും ഒരു ദക്ഷിണാഫ്രിക്കക്കാരനും ഉൾപ്പെടെ മൂന്ന് വിദേശ പൗരന്മാരെ അറസ്റ്റ് നടത്തുകയും ചെയ്തു ഇവരിൽ നിന്ന് 6.718 കിലോ എം.ഡി.എം.എയും 20 ഗ്രാം കൊക്കെയ്‌നും പൊലീസ് പിടിച്ചെടുത്തു, ഇതിന് ഏകദേശം 14.30 കോടി രൂപ വിപണി വിലവരും.

ഡൽഹി ആസ്ഥാനമായുള്ള വിതരണക്കാരനിൽ നിന്നാണ് ലഹരി വസ്തുക്കൾ വാങ്ങിയതെന്നും ബ.ഗളൂരുവിലെ പ്രാദേശിക കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.മൂന്നാമത്തെ കേസിൽ, സ്റ്റേഷൻ പരിധിയിൽ നിരോധിത മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗിരിനഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും 10 ദിവസമായി അന്വേഷണത്തിലായിരുന്നു.

ഈ ഓപ്പറേഷനിൽ മറ്റൊരു നൈജീരിയൻ പൗരനെ പിടികൂടി. ഇയാളിൽ നിന്ന് 12 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ എംഡിഎംഎയും 1000 എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത എംഡിഎംഎ ന്യൂഡൽഹിയിൽ നിന്ന് ഒരു വിദേശ പൗരൻ കടത്തിയതാണെന്നും ബംഗളൂരു നഗരത്തിലുടനീളം അനധികൃതമായി പ്രാദേശിക പ്രതികൾ വഴി വിതരണം ചെയ്യുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പത്രക്കുറിപ്പിൽ പറഞ്ഞു.

ഈ വർഷം ഇതുവരെ ബംഗളൂരു നഗരത്തിൽ 2936 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 37 വിദേശ പൗരന്മാർ ഉൾപ്പെടെ 3840 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അവകാശപ്പെട്ടു. ഈ കാലയളവിൽ 221.27 കോടിയുടെ 1,415.274 കിലോഗ്രാം ലഹരി വസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു, ഇതിന്റെ വിപണി മൂല്യം 322.92 കോടി രൂപയാണെന്ന് കണക്കാക്കുന്നു.

Tags:    
News Summary - Huge drug bust: Drugs worth Rs 60.86 crore seized, eight people including five foreigners arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.