ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അധികാര കൈമാറ്റം നടക്കുമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച ഗവർണർ തവാർചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം തേടിയതായി റിപ്പോർട്ട് പുറത്തുവന്നു.
ചൊവ്വാഴ്ച ഡൽഹിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ശിവകുമാറിനെ മുഖ്യമന്ത്രി കാവേരിയിലെ വസതിയിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി രണ്ടര വർഷം പൂർത്തിയാക്കിയതുമുതൽ അണികൾക്കിടയിൽ നേതൃമാറ്റ തർക്കം രൂക്ഷമാണ്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല തുടങ്ങിയവർ പങ്കെടുത്തു.
വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പും കർണാടക നിയമസഭ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പും സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്ന് പാർട്ടി അറിയിച്ചു. മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്ന റിപ്പോർട്ടുകൾ സിദ്ധരാമയ്യ നിഷേധിച്ചു.
രാഹുൽ ഗാന്ധിയും ഖാർഗെയും ഉൾപ്പെടെയുള്ള പാർട്ടി ഉന്നതർ സിദ്ധരാമയ്യയുമായും ശിവകുമാറുമായും മണിക്കൂറുകളോളം ചർച്ചകൾ നടത്തി, ഇരുവരുമായി വെവ്വേറെയും കൂടിക്കാഴ്ചയും നടത്തി. അടുത്ത മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നേതൃമാറ്റ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.