കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാരം സാറാ ജോസഫിന് ഡോ. ഹംപ നാഗരാജയ്യ സമ്മാനിക്കുന്നു
ബംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ 'സാഹിത്യോത്സവം 2026' കൈരളി നിലയം സെന്‍ട്രല്‍ സ്കൂളില്‍ ഞായറാഴ്ച വൈവിധ്യമാർന്ന സാഹിത്യ-സാംസ്കാരിക പരിപാടികളോടെ നടന്നു. രാവിലെ സാഹിത്യ സമ്മേളനത്തില്‍ കൈരളി കലാസമിതി പ്രസിഡന്‍റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യം സമൂഹത്തിന് ആവശ്യമുണ്ടെന്നും എഴുത്തുകാരാണ് ഭാഷയെ നവീകരിക്കുന്നതും, നില നിൽപ്പിന്റെ രാഷ്ട്രീയമാണ് ജെൻസി മുന്നോട്ടു വെക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തിൽ അവര്‍ പറഞ്ഞു. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ സംസാരിച്ചു.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ‘എഴുത്ത് സൃഷ്ടിക്കുന്ന സംസ്കാരം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പുരസ്ക്കാരങ്ങൾ അധികാരത്തിന്റെ പ്രീതിക്കായി ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്നും മരണ മടഞ്ഞ കാലത്തിനെ വീഞ്ഞാക്കി മാറ്റുകയാണ് സാഹിത്യം ചെയ്യുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. അന്തരിച്ച വിഖ്യാത ഗായിക എസ്. ജനകിക്ക് ആദരം അർപ്പിച്ചു.
13-ാം വയസ്സിൽ 11 പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ബാലസാഹിത്യകാരൻ ഓസ്റ്റിൻ അജിത്തിന് കൈരളി കലാസമിതി ആദരിച്ചു. പ്രശസ്ത കവി റഫീഖ് അഹമ്മദ് 'മലയാള കവിതയുടെ വർത്തമാനം' എന്ന വിഷയത്തിൽ സംസാരിച്ചു. മനുഷ്യന്റെ കണ്ണീർ തുള്ളിയിൽ നിന്നാണ് സർഗാത്മകത ഉണ്ടാകുന്നത്. യഥാർത്ഥത്തിലുള്ള കവിതയുടെ പ്രകാശസ്ഫുരണങ്ങൾ നിര്‍മ്മിത ബുദ്ധിക്ക് കൊണ്ടുവരാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ ടി. പി വിനോദ് , ഇന്ദിര ബാലൻ,രമ പ്രസന്ന പിഷാരടി, ബിന്ദു സജീവ്, അനിൽ മിത്രാനന്ദപുരം, അനിത ചന്ദ്രോത്ത്, ശ്രീലത മധു, ഉണ്ണികൃഷ്ണൻ അരിക്കത്ത്, ബിന്ദു പി. മേനോൻ, ഡോ. കെ.കെ. സുധ, സിന്ധു ഗാഥ, വിന്നി ഗംഗാധരൻ, അർച്ചന സുനിൽ, സുരേന്ദ്രൻ വെൺമണി, പത്മനാഭൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, ശാന്ത നമ്പ്യാർ, സിന. കെ.എസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. ഗസ്സ യുദ്ധഭീതിയുടെ നേര്‍ക്കാഴ്ചകളുമായി ശുഭ ദിനേശ് ഏകപാത്ര നാടകം അവതരിപ്പിച്ചു. മലയാള നാടകവേദി എന്ന വിഷയത്തിൽ ഇ. പി. രാജഗോപാലൻ പ്രഭാഷണം നടത്തി. പ്രകാശ് ബാരെ, അനിൽ തിരുമംഗലം, കെ.ആർ. കിഷോർ എന്നിവർ പങ്കെടുത്ത സംവാദം നടന്നു.
വൈകിട്ട് ആറിന് നടന്ന മണിക്ക് നടന്ന കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാര സമർപ്പണ ചടങ്ങിൽ കൈരളി കലാസമിതി പ്രസിഡന്‍റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. പ്രശസ്ത കന്നഡ കവി ഡോ. ഹംപ നാഗരാജയ്യ മുഖ്യാതിഥിയായി. ഡോ. ഹംപ നാഗരാജയ്യയിൽ നിന്ന് സാറാ ജോസഫ് കൈരളി കലാസമിതി മലയാള സാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷഫീക് പുനത്തിൽ രൂപകല്പന ചെയ്ത ശിൽപവുമായിരുന്നു അവാർഡ്. സുധാകരന്‍ രാമന്തളി, പി. കെ. സുധീഷ് എന്നിവര്‍ ചേര്‍ന്ന് പ്രശസ്തി പത്രം സമ്മാനിച്ചു. രണ്ടു സഹോദരിമാരുടെ സംഗമമാണ് കര്‍ണാടകയില്‍ താന്‍ കാണുന്നത്.
എല്ലാ ഭാഷകളും കേള്‍ക്കണമെന്നും ബഹുസ്വരത കാത്തു സൂക്ഷിക്കണമെന്നും പുരസ്കാരസ്വീകരണശേഷം സാറാ ജോസഫ് പറഞ്ഞു. കല്ലറ ഗോപൻ, ചെങ്ങന്നൂർ ശ്രീകുമാർ, റിനാ മുരളി എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് 'മധുര ഗീതങ്ങൾ' പഴയകാല ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സന്ധ്യ നടന്നു. കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി. കെ. സുധീഷ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.