Representational Image
ബംഗളൂരു: തമിഴ്നാട്, കേരളം, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കർണാടക നടത്തുന്ന മൂന്നു ദിവസത്തെ ആനകളുടെ കണക്കെടുപ്പ് വെള്ളിയാഴ്ച സമാപിക്കും. വനം -പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആനകളുടെ കണക്കെടുപ്പ് നടത്താത്തതിനെ തുടര്‍ന്ന് കര്‍ണാടക വനം വകുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പൽ ഓഫ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രജീഷ് രഞ്ജന്‍ പറഞ്ഞു.
ആരോഗ്യമുള്ള ആനകളുടെയും കടുവകളുടെയും നാടാണ് കർണാടക. മുന്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നിലവില്‍ 6000 ആനകള്‍ സംസ്ഥാനത്ത് ഉണ്ട്. ഇവയുടെ ജനസംഖ്യയിൽ ഗണ്യമായ വർധന ഉണ്ടായതായി പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വന പാലകര്‍ക്ക് പരിശീലനം നല്‍കിയെന്ന് വനം അധികൃതര്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ കാടുകളിലാണ് കൂടുതൽ ആനകളുള്ളതെന്നാണ് കണക്ക്. 2017ൽ നടന്ന അവസാനത്തെ കണക്കെടുപ്പു പ്രകാരം, രാജ്യത്ത് 27,312 ആനകളാണുള്ളത്. ഇതിൽ 6049 എണ്ണമുള്ള കർണാടകയാണ് മുന്നിൽ. 8976 ചതുരശ്ര കിലോമീറ്റർ കാടുകളിലാണ് ഇവ കഴിയുന്നത്. കേരളത്തിൽ 3054ഉം തമിഴ്നാട്ടിൽ 2761ഉം ആനകളെ കണ്ടെത്തിയിരുന്നു.
കർണാടകയിലെ ബന്ദിപ്പുർ കാടുകളിൽ 1170ഉം നാഗർഹോളെയിൽ ആയിരത്തോളവും ആനകളുമുണ്ട്. കർണാടകയിലെ 33 വനം ഡിവിഷനുകളിൽ ആന സാന്നിധ്യമുണ്ട്. നാഗർഹോളെയിൽ ആനകളുടെ സാന്ദ്രത ഒരു കിലോമീറ്ററിൽ 1.54ഉം ബന്ദിപ്പുരിൽ 1.13ഉം ഭദ്ര കടുവ സങ്കേതത്തിൽ 1.12ഉം ആണ്. ആനകള്‍ അക്രമാസക്തരായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇത്തവണത്തെ കണക്കെടുപ്പില്‍ വിദ്യാര്‍ഥികളെയും സന്നദ്ധ വളന്റിയർമാരെയും പങ്കെടുപ്പിച്ചിട്ടില്ല. 300 ജീവനക്കാരെയാണ് നിയോഗിച്ചത്.
ദുബാരെ ആന ക്യാമ്പ്, നഗര്‍ഹോളെ ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ ആന സവാരി തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ആനസവാരി നടത്തണോ, വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമായില്ല എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.