ബൗറിങ് ആശുപത്രിയിലെ അപകടം നടന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ബംഗളൂരു: കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ശിവാജി നഗറിലെ സെന്‍റ് മേരീസ് ബസിലിക്കക്ക് എതിർവശത്തുള്ള ചാന്ദ്‌നി ചൗക്ക് റോഡിലെ ബൗറിങ് ആന്‍ഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മരിച്ച മലയാളികളടക്കമുള്ളവർക്ക് ബംഗളൂരു വിടനൽകി.
ഏറണാകുളം രാമമംഗലം പഞ്ചായത്തിലെ തെക്കേ ഇറമ്പില്‍ കിഴിമുറിയില്‍ സ്മിത രഘു (48), കോട്ടപ്പുറം സ്വദേശി ലത (47) എന്നിവരാണ് മരിച്ച മലയാളികൾ. വ്യാഴാഴ്ച പുലര്‍ച്ചെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. രണ്ടു ആംബുലന്‍സുകളിലായി നാട്ടിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു
കുടുംബശ്രീ സംരംഗമായ അമൃത ഫൂഡ്സിന്റെ പാക്കിങ് യൂനിറ്റിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. പഠനയാത്രയുടെ ഭാഗമായാണ് ഇരുവരും ബംഗളൂരുവില്‍ എത്തിയത്. 56 അംഗ സംഘം ബുധനാഴ്ച രാവിലെയാണ് ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്നു വൈകീട്ടോടെ ഷോപ്പിങ്ങിനായി ശിവാജി നഗറില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മഴ പെയ്തതതും സ്വപ്ന യാത്ര ദുരന്ത യാത്രയായി മാറിയതും.
ജെ.സി. നഗർ നിവാസിയും വസ്ത്ര വ്യാപാരിയുമായ മുഹമ്മദ് അബ്ദുൾ ഹഖ് (52), കാവൽ ബൈരസാന്ദ്രയിലെ രത്തൻസിങ് ലേഔട്ടിൽ താമസിക്കുന്ന ചെരിപ്പ് വിൽപനക്കാരനായ ഫയാസ് അഹമ്മദ് (33), കാർ സ്റ്റിക്കറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി നസിമുല്ല (19), ഉത്തർപ്രദേശ് സ്വദേശിയും വ്യാപാരിയുമായ എം.ഡി. സലാവുദ്ദീൻ (36), കെ.ജി. ഹള്ളിയിലെ വിദ്യാർഥിനിയായ മുസവീർ ബീഗം (6) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ബുധനാഴ്ച 5.30 ഓടെ നടന്ന അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മലയാളികളായ പ്രീതി (51), സിജി (45), മായ (52) എന്നിവര്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്.
മഴ ശക്തമായതോടെ ആശുപത്രി മതിലിനടുത്ത് കെട്ടിയ ടാര്‍ പോളിങ് ഷീറ്റിനടിയിൽ കൂടി നിന്നവരുടെ ദേഹത്തേക്ക് ചുറ്റുമതില്‍ തകര്‍ന്നുവീഴുകയായിരുന്നു. സിമന്‍റ് ഹോളോ ബ്ലോക്കുകൾ കൊണ്ട് നിർമിച്ച എട്ട് അടി ഉയരവും 20 അടി വീതിയുമുള്ള മതിലിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. പൊലീസും അടിയന്തര സേവന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യ മന്ത്രി ഡി.കെ. ശിവകുമാര്‍ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി ചീഫ് കമീഷണർ എം. മഹേശ്വര റാവു, ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉത്തരവാദികൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.