ബംഗളൂരു: രാഷ്ട്രീയ ലാഭത്തിനായി ബി.ജെ.പി വിദ്വേഷം വിതക്കുന്നതിന്റെ ഫലമാണ് ബെളഗാവി സവദത്തിയിലെ സർക്കാർ സ്കൂളിൽ നടന്നതെന്നും വിദ്വേഷ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ബി.ജെ.പി സ്വയം വിചാരണക്ക് തയാറാകണമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ബെളഗാവിയിലെ സർക്കാർ സ്കൂളിൽ മുസ്ലിം ഹെഡ്മാസ്റ്ററെ ലക്ഷ്യംവെച്ച് ശ്രീരാമ സേന നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ ഹീനമായ കൃത്യം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ വിദ്യാർഥികളെ കൂട്ടക്കൊലയിലേക്ക് നയിച്ചേക്കാവുന്ന ക്രൂരകൃത്യത്തിന് പ്രതികൾ തയാറായത് വർഗീയ വിദ്വേഷത്താലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ബസവേശ്വരയുടെ നാട്ടിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. മതത്തിന്റെ പേരിൽ കുട്ടികളെ പോലും ലക്ഷ്യമിടുന്ന എന്തുതരം സമൂഹത്തിലാണ് നമ്മൾ എത്തിനിൽക്കുന്നത്? ഈ സംഭവം വലിയ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ഇതേകുറിച്ച് ഗൗരവതരമായി ബി.ജെ.പി പുനരാലോചിക്കണം. ഇത്തരം ഹീനകൃത്യങ്ങളുടെ ഉത്തരവാദിത്തം പ്രമോദ് മുത്തലിക്, വിജയേന്ദ്ര, ആർ. അശോക എന്നിവർ ഏറ്റെടുക്കുമോ?’’ - സിദ്ധരാമയ്യ ചോദിച്ചു.
രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. നിരവധി കുട്ടികൾക്ക് വിഷബാധയേറ്റു. എന്നാൽ, ഭാഗ്യത്തിന് ആർക്കും അത്യാഹിതമുണ്ടായില്ല. കൃത്യസമയത്ത് മെഡിക്കൽ ഇടപെടലുണ്ടായി. കുട്ടികളെ കൂട്ടക്കൊല ചെയ്യാനുള്ള ഗൂഢാലോചന കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന പൊലീസും അഭിനന്ദനമർഹിക്കുന്നു. എങ്ങനെ മത മൗലികവാദവും വർഗീയവാദവും കൊടുംഹീനമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിത്. വിദ്വേഷ പ്രസ്താവനക്കും വർഗീയ സംഘർഷങ്ങൾക്കുമെതിരായ പോരാട്ടം കർണാടകയിലെ കോൺഗ്രസ് സർക്കാർ തുടരും. ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സിനെത്തന്നെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കടുത്ത നിയമനടപടി തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുജനങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്നും പരാതികൾ അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. വിദ്വേഷം നയിക്കുന്നവരെക്കാൾ കൂടുതലാണ് സാമുദായിക സൗഹാർദത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണമെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.