ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ പ്രതിരോധിക്കാൻ ബി.ജെ.പി ഇന്നുമുതൽ മണ്ഡലംതോറുമുള്ള പര്യടനം നടത്തുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമാണ് പര്യടനം നടത്തുക. ആദ്യഘട്ടത്തിൽ 50 നിയമസഭ മണ്ഡലങ്ങൾ പിന്നിടുമെന്ന് യെദിയൂരപ്പ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന യാത്രക്ക് കിട്ടുന്ന സ്വീകാര്യതയിൽ കർണാടകയിലെ ബി.ജെ.പി സർക്കാർ വിയർക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ജോഡോ യാത്രക്ക് പരിഗണന നൽകേണ്ടതില്ലെന്ന ആദ്യ നിലപാടിൽനിന്ന് മാറി മറുതന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി ഇപ്പോൾ. മറ്റെല്ലാത്തിലുമെന്നപോലെ രാഹുലിന്റെ യാത്രക്കെതിരെയും 'ദേശവിരുദ്ധത' എന്ന ആയുധമാണ് ബി.ജെ.പി പുറത്തെടുത്തത്.
ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോൺഗ്രസാണ് ഇപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തുന്നതെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാറും ആർ.എസ്.എസും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഇതിനെ തോൽപിച്ച് ഇന്ത്യയെ ഒന്നിപ്പിക്കുകയാണ് യാത്രയിലൂടെ കോൺഗ്രസ് ചെയ്യുന്നതെന്നുമുള്ള രാഹുലിന്റെ പ്രധാന പ്രചാരണത്തെയാണ് ബി.ജെ.പി 'ദേശവിരുദ്ധത'കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. യാത്രക്ക് ഒരു പ്രതിഫലനവും ഉണ്ടാക്കാനാകുന്നില്ലെന്നും അവഗണിക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു.
എന്നാൽ, രാഹുലിന് മറുപടി നൽകാൻ നിർബന്ധിതരാകുകയാണ് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ. ബി.ജെ.പിയും ആർ.എസ്.എസും വിഭാഗീയതയും വിദ്വേഷവും വളർത്തുകയാണെന്ന രാഹുലിന്റെ പ്രചാരണത്തിന് മറുപടിയായി, എല്ലാവരെയും ഒന്നായി കാണുകയും തുല്യത നൽകുന്നതുമായ സർക്കാറാണ് തന്റേതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് എക്സിക്യൂട്ടിവ് യോഗത്തിൽ പറയേണ്ടിവന്നു.
ജോഡോ യാത്രക്ക് ബദലെന്നവണ്ണം ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്തുന്നുമുണ്ട്. ആറു റാലികളാണ് ബി.ജെ.പി ഉടൻ നടത്താനിരിക്കുന്നത്.
പാർട്ടികളുടെ പതിവു യാത്രകളിൽനിന്ന് വ്യത്യസ്തമായി വിവിധ മേഖലകളിലെ ജനങ്ങളോട് അടുത്തിടപഴകി രാഹുൽ നടത്തുന്ന പദയാത്രക്ക് വൻ സ്വീകാര്യതയാണ് കർണാടകയിൽ ലഭിക്കുന്നത്. നിരവധി യുവതീയുവാക്കളും വിദ്യാർഥികളും വിവിധയിടങ്ങളിൽ യാത്രയുടെ ഭാഗമാകുന്നുണ്ട്. രാജ്യത്ത് പടരുന്ന വർഗീയ വിദ്വേഷത്തിനെതിരെ അണിചേരണമെന്ന് തുമുകുരുവിലെ തിപ്തൂരിൽനിന്ന് ഹുളിയൂരിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ പദയാത്രയിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിദ്വേഷം പടർത്തി യുവാക്കളെ വഴിതെറ്റിക്കുകയാണ് ബി.ജെ.പിയും ആർ.എസ്.എസും. ഇതു രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും. ഇതിനാൽ സാഹോദര്യത്തിനും സമാധാനത്തിനുമായി യുവാക്കൾ അണിചേരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.
തൊഴിലില്ലായ്മ, വർഗീയ-വിദ്വേഷ പ്രചാരണം, വെറുപ്പ് പ്രചരിപ്പിക്കൽ തുടങ്ങിയവക്കെതിരായ പ്ലക്കാർഡുകളുമായി നിരവധി യുവതീയുവാക്കളാണ് യാത്രയിൽ പങ്കുചേർന്നത്. സംസ്ഥാനത്തിന്റെ നാളികേര ഉൽപാദനത്തിന്റെ മൂന്നിലൊന്നും സംഭാവന ചെയ്യുന്നത് തുമകുരുവിലെ കർഷക ഗ്രാമങ്ങളാണ്. യാത്രയിൽ രാഹുൽ ഗാന്ധി കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. വഴിയരികിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് രാഹുലിനെ കാണാൻ കാത്തുനിന്നത്. ഇന്നലെ തുമുകുരുവിലെ പൊച്കട്ടെയിൽനിന്ന് ആരംഭിച്ച യാത്ര ഹിരിയൂർ ഹർതികോട്ടെ ഗ്രാമത്തിലാണ് അവസാനിച്ചത്.
പാണ്ഡവപുരത്ത് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധി പങ്കെടുത്തത് പ്രവർത്തകർക്ക് ഏറെ ആവേശമാണ് നൽകിയത്. ബെള്ളാരിയിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിൽ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുമുണ്ട്. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ഒരുക്കത്തിന്റെ തുടക്കവുമാകും ഈ പരിപാടി.
ആറു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഭാരത് ജോഡോ യാത്രയുടെ മാതൃകയിൽ സംസ്ഥാനത്തുടനീളം തുടർ പദയാത്രകൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും യാത്ര എത്തുന്ന രൂപത്തിൽ അടുത്ത മാസമാണ് ജാഥകൾ സംഘടിപ്പിക്കുകയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബി.ജെ.പി മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ചെയ്യുന്നത്. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ നാളികേരത്തിന് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും കൂടുതൽ റാഗി ഏറ്റെടുക്കുമെന്നും രാഹുൽ ഗാന്ധി കർഷകരുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർവത്ര അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറിനെതിരെ കോൺഗ്രസ് പ്രചാരണം നടത്തും. 40 ശതമാനം കമീഷൻ വാങ്ങുന്ന മുഖ്യമന്ത്രിയാണ് ബൊമ്മൈ എന്ന് പറയുന്ന കോൺഗ്രസിന്റെ 'പേ സി.എം' പോസ്റ്ററുകൾ ബി.ജെ.പിക്ക് ഏറെ തലവേദനയാണ് ഉണ്ടാക്കിയത്. തുടർയാത്രയിലും ബി.ജെ.പി സർക്കാറിന്റെ അഴിമതി ഭരണം മുഖ്യവിഷയമാക്കുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.