മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സോമേശ്വര പഞ്ചായത്ത് നഗരസഭയായി ഉയർത്തിയശേഷം നടന്ന കന്നി അങ്കത്തിൽ ബി.ജെ.പി അധികാരത്തിലെത്തി. കോൺഗ്രസ്- സി.പി.എം സഖ്യ സ്ഥാനാർഥികളെയാണ് പരാജയപ്പെടുത്തിയത്. മൊത്തമുള്ള 23 സീറ്റുകളിൽ ബി.ജെ.പി 16 വാർഡുകളിൽ വിജയിച്ചു. സി.പി.എം സഖ്യത്തിൽ കോൺഗ്രസ് ഏഴു വാർഡുകൾ നേടി.
കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ പ്രതിനിധാനം ചെയ്യുന്ന മംഗളൂരു മണ്ഡലത്തിലാണ് സോമേശ്വര. കോൺഗ്രസ് മത്സരിച്ച 22 വാർഡുകളിൽ പിന്തുണ നൽകി കോൺഗ്രസ് പിന്തുണയോടെ മൂന്നാം വാർഡിൽ മത്സരിച്ച സി.പി.എമ്മിന്റെ സ്ഥാനാർഥി സൗമ്യ എസ്. പിലർ പരാജയപ്പെട്ടു. ഇവരുടെ സഹോദരി സപ്ന ഷെട്ടിയാണ് ഈ വാർഡിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി. കുമ്പള വാർഡിൽ (13) കോൺഗ്രസിന്റെ ദീപക് പിലറും ബി.ജെ.പിയുടെ കെ.എസ്. രാജേഷ് കുമാറും 247 വോട്ടുകൾ വീതം നേടിയതിനെതുടർന്ന് നടത്തിയ നറുക്കെടുപ്പിൽ ദീപകിനെ ഭാഗ്യം തുണച്ചു.
ഒന്നാം വാർഡിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അമീന ബഷീർ ബി.ജെ.പിയുടെ സുനിത രാജേഷിനെ പരാജയപ്പെടുത്തി. എന്നാൽ, അതേ പാർട്ടി സ്ഥാനാർഥിയായി രണ്ടാം വാർഡിൽ ജനവിധി തേടിയ ഭർത്താവ് ബഷീർ ബി.ജെ.പി സ്ഥാനാർഥി യശ്വന്തിനോട് ഒരു വോട്ടിന് തോറ്റു. മൊത്തം 50 പേരാണ് മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.