ബിഡദി ടൗൺഷിപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പൊതു ഹിയറിങ് റിപ്പോർട്ട് കർഷകർ പുറത്തിറക്കുന്നു
ബംഗളൂരു: ബിഡദി ടൗൺഷിപ്പ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ഭരണഘടനാ വിരുദ്ധമെന്നും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ ഉടൻ പിൻവലിക്കണമെന്നും മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ അധ്യക്ഷനായ നാലംഗ സ്വതന്ത്ര ജൂറി പാനൽ നിഗമനത്തിലെത്തി.പ്രഫ. ടി.എൻ. പ്രകാശ് കമ്മർഡി, സാമൂഹ്യശാസ്ത്രജ്ഞൻ എ.ആർ. വാസവി, മുതിർന്ന പത്രപ്രവർത്തകൻ ഡി. ഉമാപതി എന്നിവരടങ്ങുന്ന സമിതി, ജൂലൈ 23 ന് നടന്ന ഒരു പൊതു ഹിയറിങ്ങിന് ശേഷം വെള്ളിയാഴ്യാണ് തങ്ങളുടെ നിഗമനങ്ങള്‍ പുറത്തിറക്കിയത്.
പദ്ധതിയെ എതിർക്കുന്ന തെളിവുകൾ തെളിവുകൾ കർഷകർ, പരിസ്ഥിതി പ്രവർത്തകർ, ദുരിതബാധിത ഗ്രാമങ്ങളിലെ താമസക്കാർ എന്നിവർ സമർപ്പിച്ചു.ഏറ്റെടുക്കലിനായി കണ്ടെത്തിയ ഭൂമി ജലസേചന സൗകര്യമുള്ള ഭൂമിയാണെന്നും ഈ ഭൂമിയിൽ മൃഗസംരക്ഷണം, പാൽ ഉൽപാദനം, സെറികൾച്ചർ, ഹോർട്ടികൾച്ചർ, പച്ചക്കറി കൃഷി എന്നിവ നടക്കുന്നുവെന്നും വ്യക്തമാണ്.
കൃഷിഭൂമി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതത്തിന് കാരണമാകും. ഇവയെല്ലാം അധികൃതര്‍ അവഗണിക്കുകയാണ്.കർണാടക നഗര വികസന അതോറിറ്റി നിയമം പ്രകാരം രൂപീകരിച്ച ഒരു അതോറിറ്റിക്ക് മാത്രമേ സെക്ഷൻ 17 പ്രകാരം ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ കഴിയൂ. ജി.ബി.ഡി.എയെ അംഗീകരിച്ച അതോറിറ്റിയായി കണക്കാക്കാനാവില്ലയെന്നും നിയമവിരുദ്ധമാണെന്നും സാമൂഹിക പ്രവർത്തകൻ എസ്.ആർ ഹിരേമത്ത്, കർണാടക പ്രാന്ത റൈത്ത സംഘ ജനറൽ സെക്രട്ടറി യശ്വന്ത ടി, കർണാടക രാജ്യ റൈത്ത സംഘ പ്രതിനിധി ബഡഗൽപുര നാഗേന്ദ്ര, സാമൂഹിക പ്രവർത്തകൻ നൂർ ശ്രീധർ, ബിഡദിയിൽ നിന്നുള്ള കർഷകർ എന്നിവർ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ നേതാക്കള്‍ പറഞ്ഞു.
ബൈരമംഗല ഗ്രാമപഞ്ചായത്ത് പരിധിയിലെ 15 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 7,000 ഏക്കറിലധികം ഭൂമിയിൽ ഗ്രേറ്റർ ബംഗളൂരു ഇന്‍റഗ്രേറ്റഡ് ടൗൺഷിപ്പ് (ജി.ബി.ഐ.ടി) പദ്ധതി നടപ്പാക്കുന്നതിന് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ആക്ടിവിസ്റ്റുകളും കർഷകരും മുന്നോട്ട് വന്നിരിക്കുന്നു.
സർക്കാറിന്‍റെ നീക്കം സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിവിധ വിധിന്യായങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് ഹിരേമത്ത് പറഞ്ഞു. 2013 ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കുമുള്ള അവകാശ നിയമം പ്രകാരം, ഒരു സാമൂഹിക ആഘാത ഓഡിറ്റും പരിസ്ഥിതി വിലയിരുത്തൽ പഠന റിപ്പോർട്ടും തയ്യാറാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും എന്നാൽ ഈ സാഹചര്യത്തിൽ അത് അവഗണിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ പ്രധാന ഘടകങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനാവിരുദ്ധമായ ഏറ്റെടുക്കൽ നടപടികള്‍ ചെറിയ ഭൂമി കൈവശംവെച്ചിരിക്കുന്ന കർഷകരെ സാരമായി ബാധിക്കും. സർക്കാർ ഗ്രാമത്തെയും കാർഷിക വ്യവസ്ഥയെയും നശിപ്പിക്കുകയാണ് പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ബൈരമംഗലയിൽ നിന്നുള്ള പ്രതിഷേധം വിധാന സൗധയിലേക്ക് മാറ്റുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.
ആഗസ്റ്റ് ഒമ്പത് മുതൽ 11 വരെ ബൈരമംഗലയിൽ നിന്ന് ബംഗളൂരുവിലേക്ക് റാലി നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടതായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കർഷകർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളോടും തങ്ങളുടെ സമരത്തിൽ പങ്കുചേരാൻ കർഷകർ അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.