ബംഗളൂരു മെട്രോ ട്രെയിൻ സർവീസ് (ഫയൽ ഫോട്ടോ)
ബംഗളൂരു: നഗര ഗതാഗതത്തിന്റെ ജീവനാഡിയായി മാറാൻ മെട്രോയുടെ കുതിപ്പ്. നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ ബെയ്യപ്പനഹള്ളി മുതല്‍ കെ.ആര്. പുരം വരെയുള്ള പാതയുടെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായി. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂലൈ 15-ന് പാത തുറക്കും. ഇതോടെ കെങ്കേരി മുതൽ വൈറ്റ് ഫീൽഡ് വരെ ഒറ്റ സ്ട്രെച്ചിൽ യാത്ര ചെയ്യാനാവും.
മറ്റൊരു പ്രധാന പാതയായ ആർ.വി റോഡ് - ബൊമ്മസാന്ദ്ര ലൈനിൽ ഡിസംബറിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ (ബി.എം.ആർ.സിഎൽ) അധികൃതർ അറിയിച്ചു. വൻ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ഹൊസുർ റോഡിൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര- ജിഗനി വ്യവസായ മേഖല എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനുതകുന്നതാണ് 19 കിലോമീറ്റർ വരുന്ന ഈ യെല്ലോ ലൈൻ.
ഈ വർഷം ജൂലൈയിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പ്രവൃത്തി നീണ്ടു. ഗ്രീൻ ലൈനിൽ സിൽക്ക് ഇൻസ്റ്റിറ്റ്യുട്ട് മുതൽ നാഗസാന്ദ്ര വരെ സർവിസ് തുടരുന്നുണ്ട്. നാഗസാന്ദ്ര മുതൽ മാധവാര വരെ ഈ ലൈനിൽ പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. സിൽക്ക് ബോർഡ് മുതൽ കെ.ആർ പുരം വഴി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെ നീളുന്ന ബ്ലൂ ലൈനും കാലന അഗ്രഹാര മുതൽ നാഗവാര വരെ നീളുന്ന പിങ്ക് ലൈനും മൂന്നു വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നു നൽകാനാണ് ബി.എം.ആർ.സിഎൽ ലക്ഷ്യമിടുന്നത്.
ജെ.പി നഗർ ഫേസ് നാല് മുതൽ കെംപാപുര വരെ 22 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന ഓറഞ്ച് ലൈൻ, ഹൊസഹള്ളി മുതൽ കടബഗരെ വരെ ഒമ്പത് സ്റ്റേഷനുകളുള്ള സിൽവർ ലൈൻ എന്നിവ 2028 ഓടെയും ഹെബ്ബാൾ മുതൽ സർജാപുര വരെ 29 സ്റ്റേറഷനുകളുള്ള റെഡ് ലൈൻ 2032 ഓടെയും പ്രവൃത്തി പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കെങ്കേരി മുതല്‍ ബൈയ്യപ്പനഹള്ളിവരെയുള്ള പര്‍പ്പിള്‍ ലൈനിന്റെ എക്സ്റ്റന്‍ഷന്‍ ലൈനായ കെ.ആര്. പുരം- വൈറ്റ് ഫീല്‍ഡ് പാത മാര്‍ച്ച് 25ന് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍, ബൈയ്യപ്പനഹള്ളി മുതല്‍ കെ.ആര്. പുരം വരെയുള്ള രണ്ടര കിലോമീറ്റര്‍ പാതയുടെ പ്രവൃത്തി റെയിൽവെ മേൽപാലത്തിന്റെ പേരിൽ തടസ്സപ്പെടുകയായിരുന്നു. മെട്രോ യാത്രക്കാര്‍ക്ക് ബൈയ്യപ്പനഹള്ളിയിലിറങ്ങി മറ്റു വാഹനങ്ങളിൽ കെ.ആര്. പുരത്തെത്തി വീണ്ടും മെട്രോയില്‍ കയറേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
ജൂലൈ 15 ഓടെ ബൈയ്യപ്പനഹള്ളി- കെ.ആര്. പുരം പാത തുറക്കുന്നതോടെ യാത്രക്കാര്‍ക്ക് ഈ ബുദ്ധിമുട്ട് ഒഴിവാകും. 13.7 കിലോമീറ്ററുള്ള കെ.ആര്. പുരം - വൈറ്റ് ഫീല്‍ഡ് പാതയില്‍ പ്രതിദിനം ശരാശരി 27,000 പേര് യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. ബൈയ്യപ്പനഹള്ളി- കെ.ആര്. പുരം പാത യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വർധനവുണ്ടാകുമെന്നാണ് ബി.എം.ആർ.സി.എല്ലിന്റെ വിലയിരുത്തല്‍.
ആർ.വി റോഡ് -ബൊമ്മസന്ദ്ര പാത പ്രധാന ഐ.ടി മേഖലയായ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ഹൊസൂർ റോഡിൽ നഗരത്തിന് പുറത്തേക്കുമുള്ള യാത്ര സുഗമമാക്കും. ഇൻഫോസിസ് അടക്കമുള്ള വൻകിട ഐ.ടി കമ്പനികൾക്ക് പുറമെ, ബൊമ്മസാന്ദ്രയിലെയും ജിഗനിയിലെയും വ്യവസായ മേഖലയിലേക്കും പാത നഗരകേന്ദ്രത്തിൽനിന്ന് എളുപ്പമാർഗമാവും. പാത യാഥാർഥ്യമായാൽ പ്രതിദിനം 10 ലക്ഷം പേർ യാത്രക്കാരായുണ്ടാവുമെന്നാണ് ബി.എം.ആർ.സിഎല്ലിന്റെ കണക്കുകൂട്ടൽ.
യെല്ലോ ലൈനിലെ ഒന്നാം ഘട്ടമായ ബൊമ്മസാന്ദ്ര മുതൽ ബെരട്ടന അഗ്രഹാര വരെയും രണ്ടാംഘട്ടമായ ബെരട്ടന അഗ്രഹാര മുതൽ ബൊമ്മനഹള്ളി വരെയും മൂന്നാം ഘട്ടമായ ബൊമ്മനഹള്ളി മുതൽ ആർ.വി റോഡ് വരെയും 99 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായി. ഈ പാതയിലാണ് നഗരത്തിലെ ആദ്യത്തെ റോഡ് കം റെയിൽ ഫ്ലൈഓവർ വരുന്നത്; റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെ. 16 സ്റ്റേഷൻ വരുന്ന ഈ സ്ട്രെച്ചിൽ മുഴുവനും ആകാശപ്പാതയാണ്. ആർ.വി റോഡ് സ്റ്റേഷനിൽ ഗ്രീൻലൈനുമായി ഇന്റചേഞ്ച് ചെയ്യും. ജയദേവ സ്റ്റേഷനിൽവെച്ച് പിങ്ക് ലൈനും ഈ പാതയെ കടന്നുപോകുകയും സിൽക്ക് ബോർഡിൽ വെച്ച് ബ്ലൂ ലൈൻ ആരംഭിക്കുകയും ചെയ്യും.
ബൊമ്മസന്ദ്ര, ഹെബ്ബഗൊഡി, ഹുസ്കൂർ ഗേറ്റ്, ഇൻഫോസിസ് ഫൗണ്ടേഷൻ- കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ബെരട്ടന അഗ്രഹാര, ഹൊസ റോഡ്, സിംഗസന്ദ്ര, കുട്ലു ഗേറ്റ്, ഹൊങ്ങസന്ദ്ര, ബൊമ്മനഹള്ളി, സെൻട്രൽ സിൽക്ക് ബോർഡ്, ബി.ടി.എം ലേഔട്ട്, ജയദേവ ഹോസ്പിറ്റൽ, റാഗിഗുഡ്ഡ, ആർ.വി. റോഡ് എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.