ബംഗളൂരു: ജൂൺ നാലിന് 11 പേരുടെ മരണത്തിനിടയാക്കിയ സ്റ്റേഡിയം ദുരന്തത്തിൽ അറസ്റ്റിലായ ആർ.സി.ബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെയെയും മറ്റ് മൂന്ന് പേരെയും ഇടക്കാല ജാമ്യത്തിൽ വിടാൻ കർണാടക ഹൈകോടതി വ്യാഴാഴ്ച ഉത്തരവിട്ടു. ഡി.എൻ.എ എന്റർടെയിൻമെന്റ് നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരിപാടിയുടെ സംഘാടക കമ്പനിയിലെ സുനിൽ മാത്യു, കിരൺ കുമാർ എസ്, ഷമന്ത് എൻ.പി മാവിനകെരെ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ. ബുധനാഴ്ച വാദം കേട്ടശേഷം സോസാലെയുടെ ഇടക്കാല ഹരജിയിൽ വിധി പറയാൻ മാറ്റിവെച്ച ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാറിന്റെ മുമ്പാകെയാണ് കേസ് വാദം കേൾക്കാൻ വന്നത്.
സോസാലെയും മറ്റ് ഹരജിക്കാരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജൂൺ ഒമ്പതിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സി.ഐ.ഡി) സോസാലെയെയും മറ്റ് മൂന്ന് അറസ്റ്റിലായവരെയും പ്രാദേശിക മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഒമ്പത് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മജിസ്ട്രേറ്റ് കോടതി ഹൈകോടതി തീരുമാനം കാത്തിരിക്കുന്നതുവരെ കേസ് മാറ്റിവെക്കുകയായിരുന്നു.
ആർ.സി.ബിയെയും ഡി.എൻ.എ എന്റർടെയിൻമെന്റ് നെറ്റ്വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിനെയും കൈകാര്യംചെയ്യുന്ന റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജികളും ജഡ്ജി പരിഗണിച്ചു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ) സമർപ്പിച്ച ഹരജിക്കൊപ്പം ഈ ഹരജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് കൃഷ്ണകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.