ബംഗളൂരു: നമ്മ മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന ബൈയപ്പനഹള്ളി-വൈറ്റ്ഫീൽഡ് റീച്ചിലെ പരീക്ഷണ ഓട്ടം പൂർത്തിയായതായി ബി.എം.ആർ.സി. ബൈയപ്പനഹള്ളി-സീതാരാമപാള്യ, സീതാരാമപാളയ- വൈറ്റ്ഫീൽഡ് റീച്ചുകളിൽ കഴിഞ്ഞമാസമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്.
പർപ്പിൾ ലൈനിന്റെ ഭാഗമായി ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള പാതയിൽ 13 സ്റ്റേഷനുകളുണ്ട്. ബെന്നിഗനഹള്ളി, കെ.ആർ.പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജങ്ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗലം, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ.
ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയാക്കിയാണ് മെട്രോയുടെ പർപ്പിൾ ലൈൻ വിപുലീകരിച്ചത്. ബൈയപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെ 15 കിലോമീറ്റർ ദൂരമാണുള്ളത്. R1A, R1B എന്നീ രണ്ട് റീച്ചുകളും ഉണ്ട്. ബൈയപ്പനഹള്ളി മുതൽ സീതാരാമ പാളയ വരെയുള്ള 8.67 കിലോമീറ്റർ ആണ് R1A റീച്ചിൽ ഉള്ളത്.
ഇവിടെ നിന്ന് വൈറ്റ്ഫീൽഡ് വരെയുള്ള 7.14 കിലോമീറ്റർ ആണ് R1B റീച്ചിൽ വരുക. ബൈയപ്പനഹള്ളിയിൽനിന്ന് വൈറ്റ്ഫീൽഡിലേക്കുള്ള ആയിരക്കണക്കിന് ആളുകളുടെ യാത്രാദുരിതമാണ് പാത വിപുലീകരണത്തിലൂടെ ഇല്ലാതാകുന്നത്. നിലവിൽ രണ്ടുമണിക്കൂറിലധികമാണ് ഇവിടേക്ക് റോഡിലൂടെയുള്ള യാത്രക്ക് വേണ്ടിവരുന്നത്. ഗതാഗത തടസ്സം പതിവുള്ള ഈ റൂട്ടിൽ യാത്രാദുരിതം ഏറെയാണ്. ഇതിനാൽ തന്നെ ജനങ്ങൾ മെട്രോ പാത വിപുലീകരണത്തിൽ ഏറെ പ്രതീക്ഷയിലാണ്. റെയിൽവേ സുരക്ഷ കമീഷണറുടെ അനുമതി ലഭിച്ചാൽ അടുത്തവർഷം ഫെബ്രുവരിയോടെ ഈ റൂട്ടിൽ വാണിജ്യ സർവിസ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.